കബീർ കൊണ്ടോട്ടി
ജിദ്ദ: സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ് കെ പി എഫ്) ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷവും സംഘടനയുടെ വാർഷികാഘോഷവും ലോക ഫർമസിസ്റ്റ് ദിനമായ സെപ്റ്റംബർ 25ന് (വെള്ളിയാഴ്ച്ച) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വൈകിട്ട് 4 മണിക്ക് സൗദി അറേബ്യയിലെ വിവിധ റീജനുകളിൽ നിന്നായി പങ്കെടുക്കുന്ന എസ്കെപിഎഫ് പ്രതിനിധികളുടെ സംഗമത്തോടെ പരിപാടി ആരംഭിക്കും.
|
ജിദ്ദ ബാഗ്ദാദിയയ കറം അൽ ബലദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ
വൈകീട്ട് 7 മണിക്ക് ‘മരുന്നിനപ്പുറം ഒരു ആരോഗ്യജീവിതം’ (ഹെൽത്തി ലൈഫ് ബിയോണ്ട് പ്രിസ്ക്രിപ്ഷൻ), മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് “Listen to Your Mind — മനസ്സ് പറയുന്നതും കേൾക്കണം” എന്നീ വിഷയങ്ങളിൽ ജിദ്ദക്കാർക്ക് സുപരിചിതയായ ജെ എൻ എച്ച് ഹോസ്പിറ്റലിലെ പ്രമുഖ ഇന്റേണിസ്റ്റ് ഡോ ഇന്ദു ചന്ദ്രശേഖറിന്റെ കാർമികത്വത്തിൽ വൈദ്യശാസ്ത്രപരമായ അറിവിനൊപ്പം പൊതുജനാരോഗ്യ ബോധവൽക്കരണത്തിനും വലിയ പ്രാധാന്യം നൽകിക്കൊണ്ട്, “Dr. D Better Life” എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ആരോഗ്യപരമായ വിവരങ്ങൾ ലളിതമായും ശാസ്ത്രീയമായും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രശസ്തനായ ഡോക്ടർ ദാനിഷ് സലീം, ഡോക്ടർ റൈസാ ശുകൂറിനൊപ്പം, ജിദ്ദയിലാദ്യമായി പൊതുജനങ്ങളുമായി സംവദിക്കും.
നിസ് അറേബ്യ ഇവന്റ് മാനേജ്മെന്റ് കമ്പനി യുടെയും സഹാർ ഫാർമസി ഗ്രൂപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് വിപുലമായ പരിപാടികൾ നടത്തപ്പെടുന്നത്.ആരോഗ്യസംരക്ഷണ രംഗത്ത് ഫാർമസിസ്റ്റുകളുടെ നിർണായക പങ്ക് സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുക, സുരക്ഷിതമായ മരുന്നുപയോഗം, ആരോഗ്യവിദ്യാഭ്യാസം എന്നിവയിൽ ഫാർമസിസ്റ്റുകളുടെ സംഭാവന കൂടുതൽ ശക്തിപ്പെടുത്തുക, ഫാർമസിസ്റ്റുകളുടെ സേവനങ്ങളെക്കുറിച്ച് പൊതുജനാവബോധം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക ഫാർമസിസ്റ്റ് ദിനം എല്ലാ വർഷവും സെപ്റ്റംബർ 25-ന് ആചരിക്കുന്നത്.
“എ പ്രൊഫഷണൽ ടീം ഫോർ പ്രോഗ്രസ്സ് ആൻഡ് ചാരിറ്റി” എന്ന പ്രമേയവുമായി, സൗദി പ്രവാസികൾക്കിടയിലും കേരളത്തിലും വിവിധ സാമൂഹ്യസേവന, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ഫാർമസിസ്റ്റുകളുടെ പ്രൊഫഷണൽ ഉന്നമനത്തിനായി വിവിധ പരിപാടികളിലൂടെയും കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവർത്തിച്ചുവരുന്ന ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയാണ് സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ് കെ പി എഫ്).
മുഖ്യധാരാ ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ, പ്രവാസികൾക്കിടയിലെ ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട സേവന-സന്നദ്ധ പ്രവർത്തനങ്ങളിൽ എന്നും എസ്കെപിഎഫ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവരുന്നു.ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനാഘോഷങ്ങളുടെ ഭാഗമായി, എസ്കെപിഎഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലും സൗദി അറേബ്യയിലുമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.
കേരളത്തിലെ ഫാർമസി വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഫാർമ ഓൺലൈൻ ക്വിസ് മത്സരങ്ങളിലൊന്നായ ‘ക്വിസ് ബ്ലിറ്റ്സ് 26’ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി അഞ്ഞൂറോളം വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിവിധ റൗണ്ടുകളിലായി നടന്നുവരുന്നുണ്ട്.
ഫാർമസിസ്റ്റുകളുടെ സാമൂഹ്യസേവന രംഗത്തെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, ഈ മേഖലയിൽ സ്തുത്യർഹമായ സേവനം അർപ്പിച്ചുവരുന്ന മലയാളി ഫാർമസിസ്റ്റുകൾക്കായി “ഫർമ എക്സലെൻസ് അവാർഡ് 26‘ പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 25നു നടക്കുന്ന ആരോഗ്യ സംവാദ സദസ് ഒരു സാധാരണ പഠനക്ലാസിൽ നിന്നും വ്യത്യസ്തമായി, സദസ്സിനെ കൂടി പങ്കാളികളാക്കിക്കൊണ്ട്, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പുതിയ അറിവുകളും പ്രായോഗിക രീതികളും ചർച്ച ചെയ്യും .
ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ രംഗത്തെ പ്രതിനിധികളും വിവിധ സ്ഥാപനങ്ങളുടെ മേധാവികളും സംഗമത്തിന്റെ ഭാഗമാകും.തുടർന്ന് കലാ വിരുന്ന് നടക്കും.
പൊതുജനങ്ങൾക്കായുള്ള പ്രവേശനം സൗജന്യ പ്രവേശന പാസ് മുഖേന നിയന്ത്രിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സൗദി കേരള ഫാർമസിസ്റ്റ് ഫോറം (SKPF) പ്രതിനിധികളുമായി 0535674363 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
ജിദ്ദയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ നസീഫ് ഉമർ , കൺവീനർ നുഫൈൽ കോ ഓഡിനേറ്റർ മാരായ അതീഖ് , റിയാസ് ,ഹസീബ്, യാസിർ സീനിയർ മെമ്പർ സൈഫുദ്ധീൻ വാഴയിൽ എന്നിവർ പങ്കെടുത്തു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





