15
Dec 2024
Mon
15 Dec 2024 Mon
Nimisha Priya and Talal Abdul Mehdi

സന്‍ആ: യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാഴി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. (Yemeni President approves Nimisha Priya’s execution; Now hope lies with family mercy)  യമന്‍ പ്രസിഡന്റ് റഷാദ് അല്‍-അലീമിയാണ് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന. കൊല്ലപ്പെട്ടയാളുടെ കുടുംബം ദയ കാണിച്ചാല്‍ മാത്രമേ ഇനി പ്രതീക്ഷയ്ക്ക് വകയുള്ളു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇളവ് തേടി നയതന്ത്രതലത്തില്‍ വലിയ ഇടപെടല്‍ നടത്തിയെങ്കിലും ഫലവത്തായില്ല. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. എങ്കിലും അവസാന വട്ട ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. നിമിഷപ്രിയയുടെ കുടുംബം ഇപ്പോഴും യമനില്‍ തങ്ങുകയാണ്.

ALSO READ: നിമിഷ പ്രിയയുടെ മോചനത്തിന്റെ പേരില്‍ വ്യാജ പണപ്പിരിവ്, പരാതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലില്‍ അമ്മ പ്രേമകുമാരി നേരില്‍ കണ്ടിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനുശേഷം എട്ടു മാസത്തോളമായി അമ്മ യമനില്‍ തന്നെ കഴിയുകയാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്‍ത്താവിനൊപ്പം യമനില്‍ നഴ്സായി ജോലിക്ക് പോയത്.

2017 ജൂലൈ 25ന് യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സാഹചര്യ തെളിവുകളെല്ലാം പ്രതികൂലമായതിനെ തുടര്‍ന്ന് നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലായ നിമിഷപ്രിയ അദ്ദേഹവുമായി ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.

ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.

മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം ആരോപിക്കുന്നു.

അധികൃതര്‍ക്ക് പരാതി നല്‍കിയ യുവതിയെ മഹ്ദി മര്‍ദിക്കുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അവകാശപ്പെടുന്നത്.