പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെ, അവരുടെ പേരില്‍ വ്യാപ പണപ്പിരിവുകള്‍ നടക്കുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായാണ് പരാതി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഎംസി കൂട്ടായ്മയാണ് ഇതിനു പിന്നിലെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും അതു തങ്ങളുടെ അറിവോടെയല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
|
അതേസമയം മോചനത്തിനായി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയില്‍ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലില്‍ എത്തി നിമിഷപ്രിയയെ നേരില്‍ കണ്ടത്. തുടര്‍ന്ന് പ്രാഥമിക ചര്‍ച്ചകളും നടന്നു. വിശദമായ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. യമനിലെ എംബസി അധികൃതരും അഭിഭാഷകരും സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുമായാണ് ചര്‍ച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ യെമനില്‍ അവധിയായതിനാലാണ് നീണ്ടുപോകാന്‍ കാരണം. ഗോത്ര തലവന്മാരുമായുള്ള ചര്‍ച്ചയാണ് ഏറ്റവും നിര്‍ണായകം. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് അനുവദിച്ചാല്‍ മടങ്ങിവരവ് സാധ്യമാകും. സേഫ് നിമിഷ പ്രിയ ഫോറം അംഗങ്ങളും വിദേശ മലയാളി സന്നദ്ധസംഘടനകളുമാണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷ.
fake money collection for release of nimisha priya


