കൊല്ലം: നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ശേഷം ഇന്നലെ രാത്രി ഒരു വലിയ വീട്ടിലാണ് തങ്ങിയതെന്ന് അബിഗേലിന്റെ മൊഴി. ആശ്രാമം മൈതാനത്ത് നാട്ടുകാരോടാണ് കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെയാണ് കാറിൽ വീണ്ടും കയറ്റിയതെന്നും കുട്ടി പറഞ്ഞതായി ദൃക്‌സാക്ഷി പറഞ്ഞു.
|
ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചപ്പോൾ കുട്ടിയെ ആദ്യം കണ്ടത് സമീപത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നവരാണ്. കാറിലെത്തിയവർ കുട്ടിയെ മൈതാനത്ത് ഇറക്കിനിർത്തിയ ശേഷം വേഗത്തിൽ തിരികെ കയറി ഓടിച്ചുപോയെന്ന് കുട്ടിയെ ആദ്യം കണ്ടവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് ഒരു സ്ത്രീയാണെന്നും ഇവർ വ്യക്തമാക്കി.
കുഞ്ഞിനെ കണ്ടപ്പോൾ തന്നെ ചിത്രങ്ങളിൽ കണ്ട കുട്ടിയാണെന്ന സംശയം വന്നിരുന്നു. അമ്മയെയും വീട്ടുകാരെയും കാണണമെന്നാണ് കുട്ടി പറഞ്ഞുകൊണ്ടിരുന്നത്. പേര് ചോദിച്ചപ്പോൾ അബിഗേൽ എന്നും പറഞ്ഞു. രക്ഷിതാക്കളുടെ ഫോട്ടോ കാണിച്ച് തട്ടിക്കൊണ്ടുപോയ കുട്ടി തന്നെയെന്ന് ഉറപ്പുവരുത്തി.
കുട്ടി ക്ഷീണിതയായാണ് കാണപ്പെട്ടത്. കുടിക്കാൻ വെള്ളം ഉൾപ്പെടെ എത്തിച്ചുനൽകിയെന്നും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നെന്നും സ്ഥലത്തുണ്ടായവർ പറയുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇന്നലെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ഇന്ന് കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല. നാടെങ്ങും വലവിരിച്ച് അന്വേഷണം തുടങ്ങിയതോടെ മറ്റു മാർഗങ്ങളില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
കൊല്ലം ഓയൂരില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ കുട്ടിയെ 21 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ആറു വയസുകാരി അബിഗേലിനെ കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും അവരെത്തി കുഞ്ഞിനെ ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എ.ആർ ക്യാമ്പിലും എത്തിക്കുകകയായിരുന്നു
കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗരത്തിൽ തന്നെയുള്ള മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും.





