29
Apr 2024
Tue
29 Apr 2024 Tue
baba ramdev pathanjali

ന്യൂഡല്‍ഹി: വ്യാജ അവകാശ വാദങ്ങളുമായി മരുന്ന് വില്‍പ്പന നടത്തിയ കേസില്‍ ബാബ രാംദേവിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. കോടതി നടപടികളെക്കുറിച്ചൊന്നും ധാരണയില്ലാത്ത വിധം നിഷ്‌കളങ്കനാണ് താങ്കളെന്ന് തോന്നുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. ( “You Are Not So Innocent…”: Supreme Court To Ramdev In Patanjali Ads Case )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമേഹവും, രക്തസമ്മര്‍ദ്ദവും പൂര്‍ണമായി മാറ്റാന്‍ കഴിയുമെന്നും കോവിഡ് സുഖപ്പെടുത്താന്‍ കഴിയുമെന്നുമുള്ള വ്യാജ അവകാശവാദവുമായി മരുന്ന് വില്‍പ്പന നടത്തിയതിനെതിരേയാണ് കേസ്. കഴിഞ്ഞയാഴ്ച്ച നടന്ന വാദംകേള്‍ക്കലില്‍ കോടതി പത്ഞ്ജലിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും കമ്പനിക്കെതിരേ നടപടി സ്വീകരിക്കാതിരുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തിരുന്നു.

ആയുര്‍വേദത്തിന്റെ മഹത്വം പറയാന്‍ മറ്റു ചികില്‍സാ രീതികളെ താഴ്ത്തിക്കെട്ടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കോടതി പറഞ്ഞു. ഭാവിയില്‍ സൂക്ഷ്മത പാലിക്കുമന്ന് പതഞ്ജലി അഭിഭാഷകന്‍ അറിയിച്ചു.

കോടതിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ് മാപ്പ് പറഞ്ഞു. കോടതിയില്‍ നേരിട്ട് ഹാജരായാണ് ബാബ രാംദേവ് കൈകൂപ്പി പരസ്യമായി മാപ്പ് പറഞ്ഞത്. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് സുപ്രീംകോടതിക്ക് ബാബ രാംദേവ് ഉറപ്പും നല്‍കി.

നിയമം എല്ലാവര്‍ക്കും ഒന്നാണെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. തെറ്റിനെ നിങ്ങള്‍ ന്യായീകരിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എന്നാല്‍, തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും ക്ഷമാപണം നടത്തുകയാണെന്നും രാംദേവ് വ്യക്തമാക്കി. രാംദേവിനൊപ്പം കമ്പനി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സുപ്രീം കോടതിയില്‍ ഹാജരായി.

എന്നാല്‍, മാപ്പ് നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സുപ്രിം കോടതി പ്രതികരിച്ചു. നേരത്തേ മൂന്ന് തവണ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ട്. കോടതി നടപടികള്‍ അറിയാതിരിക്കാന്‍ മാത്രം നിഷ്‌കളങ്കനല്ല താങ്കള്‍. കേസില്‍ ഏപ്രില്‍ 23ന് വാദം കേള്‍ക്കുമ്പോള്‍ നിയമലംഘനം തിരുത്തുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

2021ല്‍ കോവിഡ് കാലത്താണ് കേസിന്റെ തുടക്കം. കോവിഡിനെതിരായ ആദ്യത്തെ അധികാരിക മരുന്നാണ് തന്റേതെന്ന് അവകാശപ്പെട്ടുള്ള പതഞ്ജലിയുടെ പരസ്യമാണ് വിവാദമായത്. അലോപ്പതി വിഡ്ഡിത്തമാണെന്നും അശാസ്ത്രീയമാണെന്നും മറ്റും പറയുന്ന രാംദേവിന്റെ വീഡിയോയും വൈറലായി. ഇതേ തുടര്‍ന്ന് 2022 ആഗ്‌സ്തില്‍ ഐഎംഎ ആണ് കോടതിയെ സമീപിച്ചത്. 2023 നവംബര്‍ 21ന് വിഷയത്തില്‍ ഇടപെട്ട് സുപ്രിം കോടതി ഇത്തരം പരസ്യങ്ങള്‍ക്കെതിരേ മുന്നറിയിപ്പ നല്‍കി.

തുടര്‍ന്ന്, ഭാവിയില്‍ ഒരു നിയമലംഘനവും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉറപ്പ് നല്‍കി.

എന്നാല്‍, ഈ വര്‍ഷം ജനുവരി 15ന് പതഞ്ജലിയുടെ വ്യാജ അവകാശവാദങ്ങള്‍ ഉള്‍പ്പെട്ട പരസ്യങ്ങള്‍ സഹിതം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അജ്ഞാതന്റെ കത്ത് ലഭിച്ചിരുന്നു. 2023 നവംബര്‍ 21ന് സുപ്രിം കോടതിയുടെ മുന്നറിയിപ്പിന് ശേഷം പതഞ്ജലിയും ബാബ രാംദേവും വ്യാജ അവകാശവാദം തുടര്‍ന്നതിന്റെ രേഖകള്‍ എഎംഎ അഭിഭാഷകന്‍ അഡ്വക്കറ്റ് പി എസ് പത്‌വാലിയയും ഹാജരാക്കി.

ഇതേ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി നോട്ടീസയച്ചത്. എന്നാല്‍, ഇതിന് മറുപടി അയക്കാനോ നേരിട്ട് ഹാജരാകാനോ ബാബ രാംദേവ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സുപ്രിം കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

കൃത്യമായ സത്യവാങ്മൂലം ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടിക്ക് ഒരുങ്ങിക്കൊള്ളാന്‍ ഏപ്രില്‍ 2ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. വെറും വാചകമടി മതിയാവില്ലെന്നും കൃത്യമായ ഉറപ്പ് രേഖാമൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.