തൃശൂര്‍: അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ മകന്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയതിനു പിന്നാലെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അവണൂരിലെ ശശീന്ദ്രന്റെ മരണമാണ് മകന്‍ ഡോക്ടര്‍ മയൂരനാഥന്റെ ആസൂത്രണഫലമാണെന്ന് വ്യക്തമായത്.
|
ഓണ്‍ലൈനായി വിഷപദാര്‍ഥങ്ങള്‍ വാങ്ങിയാണ് മയൂരനാഥന്‍ വിഷക്കൂട്ട് സ്വയം തയ്യാറാക്കിയത്. കടലക്കറിയിലായിരുന്നു വിഷം കലര്‍ത്തിയത്. കടലക്കറി കഴിച്ച അച്ഛനും രണ്ടാനമ്മയും തോട്ടത്തിലെ തൊഴിലാളികളും കുഴഞ്ഞുവീണു. ചോരഛര്‍ദ്ദിച്ചാണ് ശശീന്ദ്രന്‍ മരിച്ചത്. വീട്ടില്‍ നിന്ന് ആഹാരംകഴിച്ചവര്‍ക്കു മാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടായതും മയൂരനാഥന്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയത്. സംസ്‌കാരനടപടികള്‍ പൂര്‍ത്തിയായ ശേഷം പൊലീസ് ശശീന്ദ്രന്റെ ആദ്യഭാര്യയിലെ മകനായ മയൂരനാഥിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
തന്റെ അമ്മ ജീവനൊടുക്കാന്‍ കാരണം അച്ഛനാണെന്നും അമ്മയെ അച്ഛന്‍ വേണ്ടവിധം സംരക്ഷിച്ചിരുന്നില്ലെന്നും ഇതാണ് കൊലയ്ക്കു കാരണമെന്നും മകന്‍ വെളിപ്പെടുത്തി. രണ്ടാനമ്മയോട് തനിക്ക് സ്‌നേഹമോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. സ്വത്ത് ആവശ്യപ്പെട്ട് അച്ഛനുമായി തര്‍ക്കം ഉണ്ടായിരുന്നു. കൊലപാതകത്തില്‍ ശിക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നും ചോദ്യം ചെയ്യലിനൊടുവില്‍ മയൂരനാഥന്‍ പറഞ്ഞു. ഞായറാഴ്ചയാണ് ശശീന്ദ്രന്‍ മരിച്ചത്.
ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരും ചികിത്സയില്‍ തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാന്‍ ഇനിയും സമയമെടുക്കും. ഇവ ലഭിച്ച ശേഷമേ കൊലയ്ക്കുപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയെന്ന് സ്ഥിരീകരിക്കാനാവൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





