30
Sep 2023
Mon
30 Sep 2023 Mon

തിരുവനന്തപുരം പാളയത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലേക്ക് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. മലയിന്‍കീഴ് ഗസ്റ്റ് ഹൗസ് റോഡില്‍ ആര്‍എസ് ഭവനില്‍ രാമചന്ദ്രന്‍-ശോഭനകുമാരി ദമ്പതികളുടെ മകന്‍ രജീഷ് മോന്‍(32)ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു രജീഷ് മോന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ രജീഷ് മോനും സുഹൃത്ത് അനീഷുമാണുണ്ടായിരുന്നത്. മറ്റൊരു സുഹൃത്ത് അഭിലാഷ് അപകടസമയം കാറിന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഈ സമയാണ് സ്റ്റാച്യു ഭാഗത്തു നിന്നു വന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്തതും വട്ടംകറങ്ങിയ കാര്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ശക്തമായി ഇടിക്കുന്നതും.

അപകടത്തില്‍ നിര്‍ത്തിയിട്ട കാര്‍ ചുരുണ്ടുപോയി. ഇതിനു ശേഷം റോഡരികിലെ ചെറിയ മരത്തിലും വൈദ്യുതിപോസ്റ്റിലും ബൈക്കിലും കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. അനീഷിനും കാറിനു പുറത്തുണ്ടായിരുന്ന പാളയം സ്വദേശി അമേയ പ്രസാദിനും പരിക്കേറ്റിട്ടുണ്ട്.

നിലമേല്‍ സ്വദേശി ഇജാസ്(23)ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇയാളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടസമയം ഇജാസ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.