24
Feb 2025
Tue
24 Feb 2025 Tue
young woman found dead in husbands home

വിദ്യാര്‍ഥിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് വലിയപറമ്പ് പടന്ന കടപ്പുറത്തെ കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍ – ഗീത ദമ്പതികളുടെ മകള്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ തളിപ്പറമ്പ് റാണിച്ചേരിയിലുള്ള വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വൈശാഖ് ഗള്‍ഫിലാണ് ജോലിചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ഏപ്രില്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തളിപ്പറമ്പ് ലൂര്‍ദ് നഴ്‌സിങ് കോളജിലായിരുന്നു നിഖിത പഠിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം.
മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് നിഖിതയുടെ അമ്മയുടെ സഹോദരന്‍ കെ പി രവി തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ മാനസിക പീഡനമാണ് നിഖിതയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച പടന്ന കടപ്പുറത്തെ വീട്ടില്‍ എത്തിയിരുന്ന നിഖിത സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നു വീട്ടുകാര്‍ പറയുന്നു. മൂന്ന് ദിവസം കഴിഞ്ഞു കോളജില്‍ നിന്ന് വിനോദ യാത്രയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യുവതി പോയതെന്നും ബന്ധുക്കള്‍ പറയുന്നു.

കോളജില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്ത് വൈകീട്ട് സന്തോഷത്തോടെയാണ് പോയതെന്ന് സഹപാഠികളായ പെണ്‍കുട്ടികളും പറയുന്നു. മരിക്കുന്നതിന് മുമ്പ് വൈകീട്ട് അഞ്ചോടെ യുവതി ഇളയമ്മയുടെ മകനെ ഫോണില്‍ വിളിച്ച് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ സമയം ഡ്രൈവിങ്ങിലായിരുന്നതിനാല്‍ വീട്ടിലെത്തി വിളിക്കാമെന്ന് പറഞ്ഞ് യുവാവ് ഫോണ്‍ വച്ചു. വീട്ടില്‍ എത്തിയപ്പോള്‍ ഫോണ്‍ സ്വിച് ഓഫ് ആയതിനാല്‍ ഫോണ്‍ ചാര്‍ജിന് വെച്ച് ആറരയോടെ തിരിച്ചുവിളിച്ചപ്പോള്‍ നിഖിതയെ കിട്ടിയില്ല. പിന്നാലെയാണ് തളിപ്പറമ്പില്‍ നിന്ന് മരണവിവരം അറിയിച്ച് ഫോണ്‍കോളെത്തുന്നത്. സൂരജാണ് സഹോദരന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക