|
പത്തനംതിട്ട: നാലു വയസ്സുകാരിയായ സ്വന്തം മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാണിച്ച് വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തിയ
സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജു ( 28 )വിനെ ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.
വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാമുകൻറെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് ആണ് വീഡിയോ കോൾ ചെയ്തത്. ഇതോടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പോലീസ് ഇയാളെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് നഴ്സായ ഭാര്യ നെസിയെ വിളിച്ച് ജിൻസൺ ബിജു സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 40,000 രൂപ ചോദിച്ചു. കൊടുക്കില്ലെന്നായപ്പോഴാണ് മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി രാത്രി 11 മണിക്ക് നെസിയെ വീഡിയോ കോൾ ചെയ്തത്. കുട്ടിയുടെ വലതുവാരിയെല്ലിന്റെ ഭാഗത്ത് വാൾകൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഈസമയം കുഞ്ഞ് ഭയന്ന് നിലവിളിച്ചു. ദൃശ്യങ്ങൾ നെസി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതിനെത്തുടർന്ന് ഇവരും പൊലീസിൽ പരാതി നൽകി.
ഏറെക്കാലം പ്രണയിച്ചു നടന്ന ജിൻസണും നെസിയും 2018-ലാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ബി.എസ്‌സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ നെസി, മകൾക്ക് അഞ്ചുമാസം പ്രായമായപ്പോൾ മുംബൈയിൽ ജോലികിട്ടി പോയി. ജിൻസൺ നാട്ടിൽ ഡ്രൈവറായി ജോലിനോക്കി. പിന്നീട് വിദേശത്ത് പോകാനായി 50,000 രൂപ ഭാര്യയോട് വാങ്ങുകയും ചെയ്തു. വിദേശത്തുപോയ ജിൻസൺ മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് പോന്നു. നെസിയോട് തിരികെ നാട്ടിലെത്താനും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ ഇതിനായി നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരികെവന്ന ഇവർ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറി.
കഴിഞ്ഞവർഷം ഡിസംബറിലാണ് ജോലികിട്ടി വിദേശത്തേക്ക് വീണ്ടും പോയത്. അന്നുമുതൽ പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിൻസൺ ഭീഷണി തുടരുക ആണ്. എല്ലാമാസവും നെസി പണം നൽകുകയുംചെയ്തു. കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള ഭീഷണി. ഇത് നൽകാത്തതിനാണ് കുഞ്ഞിനോട് അതിക്രമം കാട്ടിയതെന്നും പോലീസ് പറഞ്ഞു.
പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Youth arrested for put sword on daughters neck and demanded money from wife through video call


