01
Aug 2025
Thu
01 Aug 2025 Thu
Gavisiddhappa

കര്‍ണാടകയിലെ കൊപ്പലില്‍ യുവാവിന്റെ കൊലപാതകം വര്‍ഗീയമാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര സംഘടനകള്‍. ആഗസ്ത് 3ന് കൊപ്പലിലെ മസ്ജിദിന് മുന്നില്‍ ഗവിസിദ്ദപ്പ(27) എന്ന യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് കൊപ്പല്‍ ജില്ലയില്‍ സംഘപരിവാര സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവവുമായി ബന്ധപ്പെട്ട് സാദിഖ് ഹുസൈന്‍ എന്ന യുവാവിനെയും മൂന്ന് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, കൊല്ലപ്പെട്ടയാള്‍ ഹിന്ദു ആക്ടിവിസ്റ്റ് ആണെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് ബിജെപിയുടെ ചലവദി നാരായണ സ്വാമി ആരോപിച്ചു. സര്‍ക്കാരിനെതിരേ അതിശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മദ്രസ പൂട്ടിക്കാന്‍ 12കാരനെ കഴുത്തറുത്ത് കൊന്ന് കൗമാരക്കാര്‍; മൃതദേഹം ശ്മശാനത്തില്‍ തള്ളി

മുസ്ലിം കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഗവിസിദ്ധപ്പ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നും മറ്റു കാരണങ്ങളൊന്നുമില്ലെന്നും കൊപ്പല്‍ എസ്പി റാം എല്‍ അരസിദ്ധി പറഞ്ഞു.

ഗവിസിദ്ധപ്പ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നതുകൊണ്ടാണ് കൊല നടത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.

സാദിഖ് ഹുസൈന്‍ നേരത്തേ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടി ഗവിസിദ്ധപ്പയുമായി അടുക്കുകയും ഒളിച്ചോടുകയും ചെയ്തിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇടപെട്ട് പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടു വന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.

മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി ശ്രീരാമുലു ഗവിസിദ്ധപ്പയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. തലയറുത്താണ് പ്രതി കൊല നടത്തിയതെന്നും പട്ടാപ്പകല്‍ ഇങ്ങിനെയൊരു ക്രൂരകൃത്യം എങ്ങിനെ ചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.

സംഭവം കേവലം വ്യക്തിപരമല്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി സാദിഖ് ഹുസൈന് ബന്ധമുണ്ടെന്നും ശ്രീരാമുലു ആരോപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക