Zameer rejects speculation to join JD-S ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ഭവന-വഖഫ് മന്ത്രി ബി. സമീര്‍ അഹമ്മദ് ഖാന്‍. താന്‍ കോണ്‍ഗ്രസ് വിട്ട് ജനതാദളില്‍ (എസ്) ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
ദാവന്‍ഗരെ സൗത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണം സമീര്‍ അഹമ്മദ് ഖാന്‍ നേരിടുന്നുണ്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം പഴയ തട്ടകമായ ജെഡിഎസിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
മന്ത്രിയുടെ പ്രതികരണം
ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം ഈ വാര്‍ത്തകളെ പരിഹസിച്ചു. ‘ഇതെല്ലാം വെറും കിംവദന്തികള്‍ മാത്രമാണ്. ഞാന്‍ ഉപേക്ഷിച്ചുപോന്ന പാര്‍ട്ടിയിലേക്ക് എന്തിന് മടങ്ങണം? കോണ്‍ഗ്രസ് എന്നോട് എന്ത് അനീതിയാണ് കാട്ടിയത്?’ അദ്ദേഹം ചോദിച്ചു.
2017-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തന്നെ പാര്‍ട്ടി അര്‍ഹമായ രീതിയില്‍ പരിഗണിച്ചതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2018-ലെ സഖ്യസര്‍ക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാതെയാണ് അഞ്ച് വകുപ്പുകളുള്ള മന്ത്രിസ്ഥാനം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജെഡിഎസില്‍ ആയിരുന്നപ്പോള്‍ വഖഫ്, ഹജ്ജ് വകുപ്പുകള്‍ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തനിക്ക് ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ നല്‍കി. നിലവില്‍ നാല് പ്രധാന വകുപ്പുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്.ഡി. കുമാരസ്വാമിയുമായി യാതൊരുവിധ സംസാരവും നടത്തിയിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതിന് തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോഷന്‍ ബെയ്ഗ്, തന്‍വീര്‍ സേട്ട് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും പാര്‍ട്ടി തനിക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കിയെന്നും ഇതില്‍ താന്‍ സംതൃപ്തനാണെന്നും സമീര്‍ അഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായ സമീര്‍ അഹമ്മദ് ഖാന്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കര്‍ണാടക കോണ്‍ഗ്രസിലെ അനിശ്ചിതത്വങ്ങള്‍ക്ക് താല്ക്കാലിക ശമനമായിരിക്കുകയാണ്.
കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം നേതാക്കള്‍
ദാവന്‍ഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയില്ലെന്നാരോപിച്ച് ഭവന നിര്‍മ്മാണ മന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാനെതിരെ നടപടിയെടുത്താല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്ന് വിശ്വ മുസ്ലിം പരിഷത്ത് സ്ഥാപകന്‍ സുബ്ഹാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, നിയമസഭാ കൗണ്‍സില്‍ അംഗങ്ങളായ അബ്ദുള്‍ ജബ്ബാര്‍, നസീര്‍ അഹമ്മദ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ച അച്ചടക്ക നടപടി മുസ്ലിം സമുദായത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമീര്‍ അഹമ്മദിനെതിരെയും സമാനമായ നടപടിയുണ്ടായാല്‍ പാര്‍ട്ടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാദിഖ് പൈല്‍വാന്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതില്‍ ഈ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ചുമതലയുള്ള മന്ത്രി എസ്.എസ്. മല്ലികാര്‍ജുന്റെ വാക്ക് കേട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുസ്ലിം നേതാക്കളോട് പ്രതികാരം ചെയ്യുകയാണ്. ‘മന്ത്രി സമീര്‍ അഹമ്മദ് ഖാനെതിരെ നടപടി തുടങ്ങിയാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും പരാജയപ്പെടും,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉപതിരഞ്ഞെടുപ്പിലെ കാല് വാരല്‍
രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തത്. ന്യൂനപക്ഷ സമുദായത്തിന് വലിയ സ്വാധീനമുള്ള ദാവന്‍ഗെരെ സൗത്തില്‍, ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നെ ‘ആഭ്യന്തര ഗൂഢാലോചന’ നടത്തിയെന്ന് ഒരു കൂട്ടം മുസ്ലിം നേതാക്കള്‍ ആരോപിച്ചു.
എല്ലാ ഘടകങ്ങളും പരിശോധിച്ചും മുസ്ലിം നേതാക്കളെ വിശ്വാസത്തിലെടുത്തും ആണ് പാര്‍ട്ടി സമര്‍ത്ഥ് മല്ലികാര്‍ജുനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും, മുസ്ലിം സമുദായത്തിന് സീറ്റ് നിഷേധിച്ചതിലൂടെ കോണ്‍ഗ്രസ് അവരെ ‘വഞ്ചിച്ചു’ എന്ന തരത്തിലുള്ള പ്രചാരണം നടന്നതായും, ഇതിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.
നിയമസഭാ കൗണ്‍സിലിലെ ചീഫ് വിപ്പ് സലീം അഹമ്മദ്, എംഎല്‍എമാരായ റിസ്വാന്‍ അര്‍ഷാദ്, യാസിര്‍ അഹമ്മദ് ഖാന്‍ പത്താന്‍, എംഎല്‍സി ബില്‍ക്കീസ് ബാനു തുടങ്ങിയ നേതാക്കളാണ് വെള്ളിയാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിക്കുള്ളിലെ ‘ആഭ്യന്തര ഗൂഢാലോചന’ ആരോപിച്ച് രംഗത്തെത്തിയത്.
നേതാക്കള്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സമീര്‍ അഹമ്മദ് ഖാന്‍, അബ്ദുള്‍ ജബ്ബാര്‍, നസീര്‍ അഹമ്മദ് എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പരാമര്‍ശങ്ങളെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.





