26
Jun 2026
Fri
26 Jun 2026 Fri
uniform civil code

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ ആദ്യ ബില്ലായി ‘ഏകീകൃത സിവില്‍ കോഡ്’ (Uniform Code) തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിനിയമങ്ങളില്‍ മതപരമായ വ്യത്യാസങ്ങള്‍ ഒഴിവാക്കി എല്ലാ പൗരന്മാര്‍ക്കും ഏകീകൃത നിയമം കൊണ്ടുവരുന്നതാണ് ഈ ബില്‍. തിങ്കളാഴ്ച തന്നെ ബില്‍ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച നടന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായാണ് വിവരം. 294 അംഗ നിയമസഭയില്‍ 207 എംഎല്‍എമാരുള്ള ബിജെപിക്ക് സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസാക്കാന്‍ സാധിക്കും. എന്നാല്‍, സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനവും മുസ്ലിം വിഭാഗമായതിനാല്‍ ഈ ബില്‍ ബംഗാളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നുറപ്പാണ്. നേരത്തെ ഭരിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് മാത്രമല്ല, ബംഗാളില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബില്‍ പാസാകുകയാണെങ്കില്‍ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നിവയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന നാലാമത്തെ ബിജെപി ഭരണസംസ്ഥാനമായി ബംഗാള്‍ മാറും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ബിജെപി അധികാരത്തില്‍ വന്ന് ആറ് മാസത്തിനകം യുസിസി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കവെ കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു.

വിവാദങ്ങളും ചര്‍ച്ചകളും

മുസ്ലിം വ്യക്തിനിയമങ്ങളിലെ നിക്കാഹ്, ഇദ്ദ തുടങ്ങിയ മതപരമായ ആചാരങ്ങളെ വിലക്കുന്നതാണ് നിര്‍ദ്ദിഷ്ട ഏകീകൃത സിവില്‍ കോഡ്. ഇത് മുന്‍പും വലിയ രീതിയിലുള്ള മതപരവും രാഷ്ട്രീയപരവുമായ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഏകീകൃത നിയമമെന്ന പേരില്‍ ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിട്ടുള്ളത് ഭൂരിപക്ഷ മത ആചാരങ്ങളാണ്.

മറ്റൊരു പ്രധാന തര്‍ക്കവിഷയം ഗോത്രവര്‍ഗ്ഗക്കാരുടെ (Tribals) അവകാശങ്ങളാണ്. ഏകീകൃത സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് എല്ലാ ഗോത്രവിഭാഗങ്ങളെയും ഒഴിവാക്കുമെന്ന് അമിത് ഷാ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് വഴി ഇത് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ‘ഏകീകൃത’ സിവില്‍ കോഡ് ആകില്ലെന്നാണ് അസമിലെ മതസംഘടനകളുടെ വാദം. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാകുമ്പോഴാണ് അത് യഥാര്‍ത്ഥ യുസിസി ആകുകയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ തോതില്‍ ഗോത്രവര്‍ഗ്ഗക്കാരുള്ള മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും ഈ വിഷയം ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.

BJP In Bengal May Table Uniform Code