22
Feb 2025
Tue
22 Feb 2025 Tue

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി ഉറപ്പുനല്‍കി. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. ആക്രമണത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്നതിനിടെയാണ് കലക്ടറുടെ പ്രഖ്യാപനം. ഇതോടെ നാട്ടുകാര്‍ തല്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുവന്താനത്തിന് സമീപം കൊമ്പന്‍പാറയില്‍ ഇന്നലെ വൈകിട്ടുണ്ടായ കാട്ടാന ആക്രമണത്തില്‍ നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. അരുവിയില്‍ കുളിക്കാന്‍ പോയ സോഫിയയെ കൊമ്പന്‍പാറ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്

സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം മാറ്റാന്‍ കഴിഞ്ഞത്. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

സംഭവത്തില്‍ വനംമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭര്‍ത്താവ് ആരോപിച്ചു. തുടര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Wild elephant attack: 10 lakhs financial assistance to Sophia’s family

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക