വര്‍ക്കലയില്‍ ഗൃഹനാഥന്‍ നിസ്‌കരിക്കാനായി പള്ളിയില്‍ പോയ സമയം വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍. വര്‍ക്കല കാപ്പില്‍ സ്വദേശിയായ കൃഷ്ണാഭവനില്‍ സായ് കൃഷ്ണന്‍(25) ആണ് പിടിയിലായ രണ്ടാമന്‍. വര്‍ക്കല കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.
|
ഉച്ചയ്ക്ക് 12.45 ഓടെ വീട്ടില്‍നിന്നിറങ്ങിയ ഷറഹബീല്‍ നിസ്‌കാരം കഴിഞ്ഞ് രണ്ടോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് അയിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് മോഷ്ടാവിനെയും ഇതിനു കൂട്ടുനിന്ന സായ് കൃഷ്ണനെയും പോലീസ് പിടികൂടിയത്. അയിരൂര്‍ എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയെ പൂജപ്പുര ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
സ്‌കൂളില്‍ നിന്നു മടങ്ങി വരുന്ന വഴി വീട്ടില്‍ നിന്നിറങ്ങി വരുന്ന വയോധികനെ കണ്ട പത്താം ക്ലാസ് വിദ്യാര്‍ഥി കുശലാന്വേഷണം നടത്തിയപ്പോഴാണ് പള്ളിയില്‍ പോവുകയാണെന്ന് മനസ്സിലാക്കിയത്. വീട്ടില്‍ മറ്റാരുമില്ല എന്നുറപ്പുവരുത്തിയതോടെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടക്കുകയും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കവരുകയും ചെയ്തു.
ഈ പണം ഉപയോഗിച്ച് പുതിയ മൊബൈല്‍ ഫോണും വസ്ത്രങ്ങളും. തുടര്‍ന്ന് സുഹൃത്തായ സായ് കൃഷ്ണനെ വിദ്യാര്‍ഥി വിളിച്ചുവരുത്തി മോഷണവിവരം അറിയിച്ചു. തുടര്‍ന്ന് രണ്ടരപ്പവന്റെ മാലയും ഒരു പവന്റെ മോതിരവും അടങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ വിദ്യാര്‍ഥി സായ് കൃഷ്ണനെ ഏല്‍പ്പിച്ചു. യുവാവ് സ്വര്‍ണ മോതിരം വര്‍ക്കലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. സ്വര്‍ണമാല വീട്ടില്‍ ഒളിപ്പിച്ച ശേഷം അത് സ്വര്‍ണമല്ലെന്ന് പത്താംക്ലാസുകാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
സായി കൃഷ്ണയെ പണയ സ്ഥാപനത്തിലെത്തിച്ച് സ്വര്‍ണമോതിരം പോലീസ് കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാത്ത്‌റൂമിനകത്ത് ടവ്വല്‍ ഹോള്‍ഡറിനകത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്വര്‍ണ മാല സായ്കൃഷ്ണന്‍ പോലീസിന് എടുത്തു നല്‍കി. വിദ്യാര്‍ഥി വാങ്ങിയ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.


