25
Sep 2024
Tue
25 Sep 2024 Tue
11 year old boy dies of snake bite

കാലില്‍ നീര് കയറിയത് പാമ്പ് കടിച്ചതിനെ തുടര്‍ന്നാണെന്നറിയാതെ വിശ്രമത്തിലിരിക്കുകയും തിരുമ്മുചികില്‍സ തേടുകയും ചെയ്ത 11കാരന്‍ മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് ദാരുണമായ സംഭവം. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകന്‍ സൂര്യ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലിലെ നീര് ദേഹമാകെ വ്യാപിച്ചതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയിലെത്തിയ സൂര്യയുടെ നില ഗുരുതരമായതോടെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ഇവിടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടിയെ പാമ്പ് കടിച്ചിരുന്നുവെന്ന് വ്യക്തമായത്.

ALSO READ: വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സൂര്യ. ആഗസ്ത് 27ന് സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് സൂര്യയുടെ കാലില്‍ നീര് കണ്ടത്. കളിക്കുന്നതിനിടെ കാലിന്റെ കുഴ തെറ്റിയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. ഇതോടെ അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. അതിനിടെ തിരുമ്മുചികിത്സയും നടത്തി.

ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും നില വഷളാവുകയും വിദഗ്ധ ചികില്സയ്ക്കായി തേനിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയുമായിരുന്നു.

അച്ഛനും അമ്മയും അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഏക സഹോദരി ഐശ്വര്യയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണത്തിലായിരുന്നു സൂര്യ കഴിഞ്ഞിരുന്നത്. തേനി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.