21
Sep 2022
Mon
21 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

11കാരനെ കൊലപ്പെടുത്തി മദ്രസയ്ക്കുള്ളിൽ കുഴിച്ചുമൂടി. ഹരിയാനയിലെ നഹ് എന്ന സ്ഥലത്തെ സമീർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹ വിദ്യാർഥിയായ 13കാരൻ പിടിയിലായി. കൊലപാതകം വഴി മദ്രസയുടെ പേര് നശിപ്പിക്കുകയും ഇതിലൂടെ ഇനി മദ്രസയിൽ പഠിക്കാതിരിക്കലുമായിരുന്നു 13കാരന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 11കാരനെ 13കാരൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

 

മദ്രസയ്ക്ക് സമീപത്തെ ​ഗ്രാമത്തിലാണ് സമീർ താമസിക്കുന്നത്. സെപ്തംബർ അഞ്ച് തിങ്കളാഴ്ചയാണ് അഴുകിയ നിലയിൽ സമീറിന്റെ മൃതദേഹം മദ്രസയ്ക്കുള്ളിൽ കണ്ടെത്തിയത്. പ്രതിയായ 13കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഫരീദാബാദിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

 

പ്രാർഥനകൾക്കായി നിരവധി പേർ വെള്ളിയാഴ്ച പള്ളിയിൽ എത്തുമെന്നതിനാൽ ശനിയാഴ്ചയാണ് കൊലപാതകത്തിനായി പ്രതി തിരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു. മദ്രസയുടെ താഴെയുള്ള മുറിയിലേക്ക് സമീറിനെ കൂട്ടിക്കൊണ്ടുപോയ പ്രതി അവിടെ വച്ച് കൊന്ന് മൃതദേഹം മണലിൽ പൂഴ്ത്തി.

 

പ്രതിയും സമീറും സുഹൃത്തുക്കളായിരുന്നെന്നും ഇവർ ഒരുമിച്ചാണ് കളിച്ചിരുന്നതെന്നും പൊലീസ് സൂപ്രണ്ട് വരുൺ സിം​ഗ്ല പറഞ്ഞു. മദ്രസയിലെത്തിയ പൊലീസ് കുറച്ച് വിദ്യാർഥികളെ ചോദ്യം ചെയ്തതോടെ 13കാരൻ ഭയപ്പെട്ടു. ചോദ്യം ചെയ്യലിനിടെ താൻ സമീറിനെ കൊന്നുവെന്ന് കുട്ടി സമ്മതിച്ചു. സെപ്തംബർ മൂന്നിനാണ് കൊന്നതെന്നും അറിയിച്ചു.

 

സമീർ 2021 മുതൽ മദ്രസയിൽ പഠിച്ചുവരികയാണ്. സെപ്തംബർ മൂന്നിനാണ് ​ഗ്രാമത്തിലൊരാൾ സമീറിനെ കാണാനില്ലെന്ന് ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് കേസെടുത്ത ശേഷം നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ തിങ്കളാഴ്ച മദ്രസാ കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.