29
Jun 2023
Sun
29 Jun 2023 Sun

മീററ്റ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്‌കൂളിലെ ജൂഡോ പരിശീലകൻ ബലാത്സംഗം ചെയ്തു. മീററ്റിലെ കങ്കർഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തന്റെ 12കാരിയെ മകൾ പ്രദേശത്തെ ഒരു സ്‌കൂളിൽ ജൂഡോ കരാട്ടെ കോഴ്‌സിന് ചേർന്നിരുന്നുവെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂൺ രണ്ടിന് രാവിലെ ഏഴ് മണിയോടെ പെൺകുട്ടി സഹോദരനൊപ്പം ക്ലാസിലേക്ക് പോയി. രാവിലെ 10 മണിയോടെ ഇൻസ്ട്രക്ടർ എല്ലാ കുട്ടികളോടും പുറത്തുപോവാൻ പറയുകയും അധിക പരിശീലനത്തിന്റെ പേരിൽ മകളെ അവിടെ തന്നെ നിർത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് ഇൻസ്ട്രക്ടർ പെൺകുട്ടിയെ ഗാർഡ് റൂമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന്, അവൾക്ക് പരിശീലനത്തിന്റെ ഭാ​ഗമായി മുറിവേറ്റിട്ടുണ്ടെന്നും രക്തസ്രാവമുണ്ടെന്നും ഡ്രസ്സിങ് ചെയ്യണമെന്നും സഹോദരനോട് പറഞ്ഞു.

തുടർന്ന് അയാൾ സഹോദരനെ പണം നൽകി ബാൻഡേജും മരുന്നും ചോക്കലേറ്റും വാങ്ങാൻ അയച്ചു. പിന്നീട് പെൺകുട്ടിയെ വസ്ത്രം ധരിപ്പിച്ച ശേഷം നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചു.

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞെത്തിയ പിതാവ് മകളുടെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാരോട് ചോദിച്ചപ്പോൾ കുട്ടിക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. തുടർന്നാണ് ബലാത്സം​ഗത്തെ കുറിച്ചറിയുന്നതും പരാതി നൽകുന്നതും.

മനീഷ് (26) എന്നയാളാണ് പ്രതിയെന്ന് ദൗരാല സർക്കിൾ ഓഫീസർ അഭിഷേക് പട്ടേൽ പറഞ്ഞു. ഇയാൾക്കെതിരെ ബലാത്സംഗക്കേസും പോക്‌സോ നിയമപ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.