ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ സാന്നിധ്യം ഉറപ്പിക്കാൻ കേന്ദ്ര നേതൃത്വം തീവ്ര പരിശ്രമം നടത്തിവരുന്നതിനിടെ ബി.ജെ.പി തമിഴ്‌നാട് ഘടകത്തിൽ നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്ക്. ഐ.ടി വിങ് ചീഫ് ഒരതി അൻബരസ് ഉൾപ്പടെ 13 പേരാണ് 24 മണിക്കൂറിനുള്ളിൽ പാർട്ടി വിട്ടത്. എന്നാൽ ഭരണകക്ഷിയായ ഡി.എം.കെയിൽ ചേരില്ലെന്ന് ഇവർ വ്യക്തമാക്കുകയുംചെയ്തു.
|
ബിജെപിയുടെ മുൻ സംസ്ഥാന ഐ.ടി വിങ് ചീഫ് സി.ടി.ആർ നിർമൽ കുമാറിന്റെ പാത 13 പേരും പിന്തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പി വിട്ട നിർമൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്നിരുന്നു. മറ്റ് രണ്ട് പാർട്ടി ഭാരവാഹികളും ബി.ജെ.പി വിട്ട് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയിൽ ചേർന്നത് രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള വാക്‌പോരിലേക്ക് നയിക്കുകയും ചെയ്തു.താൻ ഏറെ നാളായി ബി.ജെ.പിയുടെ ഭാഗമാണെന്നും പാർട്ടിയുടെ ഗൂഢാലോചനകളിൽ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും അൻബരസ് വ്യക്തമാക്കി.
അടുത്ത മൂന്ന് മാസത്തിന് ശേഷം വലിയ നേതാക്കൾ പാർട്ടി വിടാനും ചില വലിയ നേതാക്കൾ പാർട്ടിയിലേക്ക് വരാനും സാധ്യതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പറഞ്ഞു.
ബി.ജെ.പി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ സ്വീകരിക്കുന്നതിനെതിരെ ഇരു പാർട്ടി നേതാക്കളും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. അധാർമിക നടപടി എന്നാണ് ബി.ജെ.പി ഇതിനെ വിമർശിച്ചത്. പലയിടത്തും എടപ്പാടി പളനിസാമിയുടെ ചിത്രങ്ങൾ ബി.ജെ.പിക്കാർ കത്തിച്ചു. പാർട്ടി പ്രവർത്തകർ മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത അണ്ണാമലൈയ്ക്ക് ഉൾപ്പെടെ എല്ലാവർക്കും ഉണ്ടാകണമെന്നും ചിത്രം കത്തിച്ചവരെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.





