01
Apr 2023
Tue
01 Apr 2023 Tue

ന്യൂഡൽഹി: ഗോമൂത്രത്തിൽ അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളതായും മനുഷ്യർക്ക് കുടിക്കാൻ യോ​ഗ്യമല്ലെന്നും കണ്ടെത്തൽ. ഏറ്റവും പുതിയ ​ഗോമൂത്രത്തിൽ പോലും ഈ അപകടം ഉണ്ടെന്നും ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യർ കുടിക്കരുതെന്നും ഈ മേഖലയിലെ ഏറ്റവും പ്രമുഖ ഗവേഷക സ്ഥാപനമായ ഐവിആർഐയുടെ ഗ​വേഷണ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ​ഗോമൂത്രത്തിന് അമൂല്യ ഫലസിദ്ധിയുണ്ടെന്നും അത് കുടിച്ചാൽ കാൻസറും കോവിഡും അടക്കമുള്ള രോ​ഗങ്ങൾ പോലും മാറുമെന്നുമുള്ള സംഘ്പരിവാർ- ഹിന്ദുത്വ- ബിജെപി നേതാക്കളുടേയുടക്കം വാദമാണ് യു.പിയിലെ തന്നെ ​ഗവേഷണ സ്ഥാപനം പൊളിക്കുന്നത്.

പശുവിന്റെ മൂത്രത്തേക്കാൾ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെന്നും എന്നാൽ ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാൻ കൊള്ളില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു. ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളിൽ ഇ കോളി സാന്നിധ്യമുള്ള 14 തരം ദോഷകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

ഇത് വയറ്റിലെ അണുബാധയ്ക്ക് കാരണമാവും. പനിക്കും വയറിളക്കത്തിനും കാരണമാവുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയാണ് ഇതിലൂടെ ഉണ്ടാവുകയെന്നും ​ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗോമൂത്രം ഇന്ത്യൻ വിപണിയിൽ വ്യാപകമായി വിറ്റഴിക്കുന്നതിനിടയിലാണ് ബറേലി കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ.

ഗോമൂത്രം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ തൊട്ട് ജഡ്ജിമാർ വരെയുള്ളവർക്ക് തിരിച്ചടിയാണ് ഈ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷക സ്ഥാപനത്തിന്റെ ഗവേഷണ റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികിത്സാ ശാസ്ത്ര വകുപ്പ് തലവൻ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് ഗവേഷക വിദ്യാർഥികളാണ് ഗവേഷണം നടത്തിയത്.

ഗവേഷണത്തിന്റെ കണ്ടെത്തലുകൾ ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 ജൂണിനും നവംബറിനുമിടയിൽ നല്ല ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടേയും 73 മൂത്ര സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം.