26
Jun 2024
Sun
26 Jun 2024 Sun
15 year old banished

തിരുവല്ല: തിരുവല്ലയില്‍ നിന്ന് ഒന്നരമാസംമുന്‍പ് കാണാതായ 15 വയസ്സുകാരനെ കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് നാട്ടുകാരുടെ കൈയടി. (15-year-old banished for not letting him play; After a month and a half, the child was found using an Instagram trace) വിറ്റുപോയ മൊബൈല്‍ ഫോണും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമൊക്കെ കേന്ദ്രീകരിച്ച് അതിവിദഗ്ധമായി നടത്തിയ ഓപ്പറേഷനൊടുവില്‍ ചെന്നൈയില്‍ നിന്നാണ് കുട്ടിയെ തിരികെ കിട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനു പുറത്ത് കളിക്കാന്‍വിടാതെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ദേഷ്യപ്പെട്ടാണ് എസ്.എസ്.എല്‍.സി. ഫലം കാത്തിരുന്ന കുട്ടി വീടുവിട്ടുപോയത്. പരീക്ഷാഫലത്തിന് തലേദിവസം, ഞാന്‍ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്തെഴുതിവെച്ചായിരുന്നു യാത്ര. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ കുട്ടിക്ക് ഒന്‍പത് എപ്ലസും ഒരു എ ഗ്രേഡും ഉണ്ടായിരുന്നു.

കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് പല വഴിക്കും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ആയത് കാര്യങ്ങള്‍ ദുഷ്‌കരമാക്കി. 150-ലധികം സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയില്‍നിന്ന് കുട്ടി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായറിഞ്ഞു.

എന്നാല്‍, അവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്ന് അറിയാതെ പോലീസ് വലഞ്ഞു. സ്വിച്ച് ഓഫായ ഫോണ്‍ എപ്പോഴെങ്കിലും ഓണാവാതിരിക്കില്ല എന്ന പ്രതീക്ഷിയിലായിരുന്നു പോലീസ്. ദിവസങ്ങള്‍ക്ക് ശേഷം ഗൂഡല്ലൂരില്‍ ഫോണ്‍ ഓണായി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആളെ കണ്ടെത്തി. എന്നാല്‍, അത് കാണാതായ കുട്ടിയായിരുന്നില്ല. ഈ ഫോണിന് പിന്നാലെ നടത്തിയ യാത്രയിലാണ് കുട്ടി ചെന്നൈയിലാണ് എത്തിയതെന്ന സൂചന കിട്ടിയത്.

കുട്ടിയില്‍ നിന്ന് ഫോണ്‍ വാങ്ങിയത് ചെന്നൈയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരിയായിരുന്നു. അയാളില്‍നിന്നു ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരന്‍ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തില്‍ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാള്‍ ഫോണ്‍ വാങ്ങിയശേഷം സിംകാര്‍ഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകള്‍ ലഭിച്ചത്. ഇതോടെ പോലീസ് സംഘം ചെന്നൈയില്‍ എത്തി.

ഈ സമയം കുട്ടി ചെന്നൈയിലെ പാരീസ് കോര്‍ണര്‍ എന്ന സ്ഥലത്ത് രത്തന്‍സ് ബസാറിലെ നാസര്‍ അലി എന്നയാളുടെ ബിരിയാണിക്കടയില്‍ സഹായിയായി ജോലിനോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഫോണില്‍നിന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പോലീസിന് വ്യക്തമായത്. അവിടെയെത്തി കൂട്ടിക്കൊണ്ടുപോരുകയുംചെയ്തു.

തിരുവല്ല ഡിവൈ.എസ്.പി. അഷദിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍, എസ്.സി.പി.ഒ.മാരായ മനോജ്, അഖിലേഷ്, സി.പി.ഒ. അവിനാശ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.