ന്യൂഡല്‍ഹി: എലവേറ്റര്‍ ഷാഫ്റ്റില്‍ വീണ 15കാരന്‍ ഞെരിഞ്ഞമര്‍ന്നു മരിച്ചു. ഡല്‍ഹിയിലെ എയര്‍കൂളര്‍ ഫാക്ടറിയുടെ രണ്ടാം നിലയിലെ എലവേറ്റര്‍ ഷാഫ്റ്റിലേക്ക് കുട്ടി വീണത്. ഈ സമയം താഴെ നിലയില്‍ നിന്ന് മുകളിലേക്ക് വന്ന എലവേറ്റര്‍ കുട്ടിയെ ഞെരിച്ചമര്‍ത്തുകയായിരുന്നു.
|
അലോക് എന്ന കുട്ടിയാണ് മരിച്ചത്. അലോകിന്റെ അമ്മ ഈ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. എലവേറ്ററിനു സമീപത്തുനിന്ന കുട്ടി അബദ്ധത്തില്‍ ഇവിടേക്ക് തെന്നിവീഴുകയായിരുന്നു. ഈ സമയം താഴേനിലയില്‍ നിന്നെത്തിയ എലവേറ്റര്‍ കുട്ടിയെ ഞെരിച്ചുകൊന്നു. വയറുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭാരമേറിയ ഉപകരണങ്ങള്‍ മുകള്‍ നിലയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ ലിഫ്‌റ്റെന്നും ഷാഫ്റ്റിലേക്ക് വീണുകിടന്ന അലോക് രക്ഷപ്പെടാന്‍ വയറുകളില്‍ തൂങ്ങിക്കിടക്കുന്നതിനിടെ താഴത്തെ നിലയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് വരാന്‍ ആരോ ലിഫ്റ്റില്‍ കയറി ബട്ടണമര്‍ത്തിയതോടെയാണ് അപകടം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ഷാഫ്റ്റില്‍ വീണ കുട്ടിക്ക് വൈദ്യുതാഘാതവും ഏറ്റിരുന്നു. ഫാക്ടറിയില്‍ കളിച്ചുകൊണ്ടിരുന്ന മകനെ ഉടമകള്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിനു മൊഴി നല്‍കി.



