|
ഉത്തർപ്രദേശ്: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നും വീണ്ടുമൊരു ക്രൂര കൂട്ടബലാത്സംഗ വാർത്ത. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ വസ്ത്രങ്ങളും മോഷ്ടിച്ചുപോയതോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടി വീട്ടിലേക്ക് പോയത് നഗ്നയായി. രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നാണ് 15കാരി വീട്ടിലെത്തിയത്.
നിരവധി ആളുകൾ നോക്കിനിൽക്കെയാണ് പെൺകുട്ടിക്ക് വസ്ത്രമില്ലാതെ പോകേണ്ടിവന്നത്. എന്നാൽ ആരും സഹായിക്കാൻ തയാറായില്ല.
സഹായിക്കുന്നതിന് പകരം പലരും മൊബൈലിൽ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു ഇവർ. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് കൊടുംക്രൂരത നടന്നത്. അയൽ ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ശേഷം കൂട്ടബലാത്സംഗം ചെയ്തു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഗ്രാമത്തിലെ ഒരാൾ ഓടി വന്നതോടെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെൺകുട്ടിയുടെ വസ്ത്രങ്ങളും കൊണ്ടാണ് ഇവര്‍ സ്ഥലം വിട്ടത്. ഇതോടെയാണ് പെൺകുട്ടിക്ക് വീട് വരെ നഗ്നയായി നടക്കേണ്ട ദുർഗതിയുണ്ടായത്. വീട്ടിലെത്തി നടന്നതെല്ലാം പറയുമ്പോൾ പെൺകുട്ടിയുടെ ശരീരം മുഴുവൻ രക്തമൊലിക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു.
പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ അവർ തയാറായില്ലെന്ന് ബന്ധു പറയുന്നു. പിന്നീട് ജില്ലാ പൊലീസ് മേധാവി ഹേമന്ദിനെ കണ്ട് പരാതി നൽകിയതോടെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും ബന്ധു ആരോപിച്ചു. പ്രതികളുടെ ബന്ധുക്കൾ പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പോക്സോ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സന്ദീപ് കുമാര്‍ മീണ പറഞ്ഞു. സംഭവത്തിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.



