സാമ്പത്തിക പ്രതിസന്ധിക്കിടെ റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് അനുവദിച്ചത് 20 ലക്ഷം രൂപ
|
തിരുവനന്തപുരം: സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചത്. 26ന് വൈകിട്ടാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ‘അറ്റ് ഹോം’ എന്ന പേരില്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.
സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായും ഗവര്‍ണര്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണു വിരുന്നിനു പണം അനുവദിച്ചത്. നേരത്തേ, രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ അടുത്തടുത്തിരുന്നിട്ടും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നില്‍ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.
അതേസമയം, കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 29,30,31 തീയതികളില്‍ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.


