29
Jul 2024
Wed
29 Jul 2024 Wed

തെലങ്കാനയില്‍ ജെ.സി.ബി കൊണ്ട് പള്ളി ഇടിച്ചുനിരപ്പാക്കി; കേസ്, അറസ്റ്റ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ്: തെലങ്കാനയിലെ മൊയിനാബാദില്‍ ചരിത്രപ്രധാനമായ പൗരാണിക മസ്ജിദ് തകര്‍ത്ത് സമീപത്തെ ഭൂവുടമ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചു. രംഗറെഡ്ഡി ജില്ലയിലെ മൊയിനാബാദ് ചില്‍ക്കൂര്‍ ഗ്രാമത്തിലുള്ള ഖുതുബ് ഷാഹി മസ്ജിദ് (ജാഗിര്‍ദാര്‍ മസ്ജിദ്) ആണ് സമീപത്തെ ഭൂവുടമയായ പ്രസാദും കൂട്ടാളികളും ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയത്. സംസ്ഥാന വഖഫ് ബോര്‍ഡിനു കീഴിലുള്ള പള്ളിയുടെ ഭൂമി നിരപ്പാക്കി സമീപത്തെ ഇയാളുടെ ഭൂമിക്കൊപ്പം വില്‍ക്കാനായിരുന്നു പ്രസാദിന്റെ നീക്കം.

ചില്‍ക്കൂര്‍ വില്ലേജിലെ 133, 134 സര്‍വേ നമ്പരുകളിലുള്ള ഭൂമിയിലാണ് തെലങ്കാന സംസ്ഥാന വഖഫ് ബോര്‍ഡിനു കീഴിലുള്ള ജാഗിര്‍ദാര്‍ മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പ്രദേശത്ത് ആരുമില്ലാതിരുന്ന സമയം പ്രസാദവും സംഘവുമെത്തി ജെ.സി.ബി ഉപയോഗിച്ച് പള്ളി തകര്‍ക്കുകയും ഭൂമി നിരപ്പാക്കുകയുമായിരുന്നു. പ്രദേശത്തെ മുസ്‌ലിംകള്‍ പ്രാര്‍ഥനയ്ക്കായി ആശ്രയിക്കുന്ന പള്ളികളിലൊന്നായിരുന്നു ജാഗിര്‍ദാര്‍ മസ്ജിദ്.

സംഭവത്തില്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കുകയും ജെ.സി.ബി ഡ്രൈവറെ അറസ്റ്റ്‌ചെയ്യുകയുംചെയ്തു. പള്ളിക്ക് സമീപം താമസിക്കുന്ന മുസ്ലിം സ്ത്രീ നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ് സംഹിതയിലെ 329-3 (അതിക്രമിച്ച് കടക്കല്‍, 324- 4, 5 (നാശനഷ്ടം വരുത്തല്‍), 298 (ആരാധനാലയത്തിന് നാശനഷ്ടം വരുത്തല്‍), 196 (സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇരുവിഭാഗങ്ങള്‍ക്കിടയിലും വൈരം വളര്‍ത്തല്‍), 300 (മതപരമായ ഒത്തുചേരല്‍ തടയല്‍) വകുപ്പുകളും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.

ഉച്ച കഴിഞ്ഞ് ഗ്രാമത്തിലെ മുഹമ്മദ് അഹമ്മദ് ഇതുവഴി കടന്നുപോകുമ്പോഴാണ് മസ്ജിദ് അവിടെ ഇല്ലെന്ന് മനസ്സിലായത്. ചുറ്റുമുള്ള പ്രദേശം നിബിഡവനമായതിനാല്‍ അതുവഴി സഞ്ചരിക്കുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ പള്ളി കാണാന്‍ കഴിയില്ല. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.

വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മസ്ജിദ് തകര്‍ത്തതെന്നാണ് പ്രദേശം സന്ദര്‍ശിച്ച നേതാക്കള്‍ പറയുന്നത്.

Telengana 200-Year-Old Mosque Razed to the Ground in Hyderabad