13
Jan 2023
Sun
13 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം. ശ്രീ നഗറിലെ പാന്ത ചൗക്കിൽ നിന്നാണ് ഇന്ന് യാത്ര പത്തുമണിക്ക് ആരംഭിക്കുക. ശ്രീനഗറിലൂടെ യാത്ര പ്രവേശിച്ച പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇന്നും ഒരുക്കിയിട്ടുള്ളത്.

12 മണിക്ക് ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തും. ശേഷം ഉച്ചയ്ക്ക് രണ്ടിന് പാർട്ടി സംസ്ഥാന ഓഫീസിൽ അദ്ദേഹം വാർത്താസമ്മേളനം നടത്തും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ എല്ലാ പ്രമുഖ നേതാക്കന്മാരും പ്രതിപക്ഷ പാർട്ടികളിലെ നേതാക്കന്മാരും പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

ശനിയാഴ്ച ജോഡോ യാത്രയിൽ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും പങ്കെടുത്തിരുന്നു. നേരത്തെ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. രാഹുലിനൊപ്പം ബനിഹാലിലാണ് ഒമർ അബ്ദുള്ള പങ്കെടുത്തത്. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയല്ല, രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് ഇപ്പോൾ ജമ്മുകശ്മീരിൽ പര്യടനം നടത്തിവരികയാണ്. യാത്ര ഇതിനകം 3,500ലധികം കിലോമീറ്ററാണ് പിന്നിട്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക