29
Aug 2023
Thu
29 Aug 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷമുന്നണിയായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്ക് നീക്കി. പ്രസംഗത്തില്‍ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുല്‍ ഉപയോഗിച്ചിരുന്നു. പലയിടത്ത് നിന്നും ഇത് നീക്കി. ബിജെപി നേതാക്കള്‍ രാജ്യദ്രോഹികള്‍ ആണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികള്‍’ എന്ന വാക്കും ഒഴിവാക്കി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്ന വാക്കും നീക്കി.

തന്റെ പ്രസംഗം അദാനിയെ കുറിച്ചാണോയെന്ന ഭയം ബിജെപി നേതാക്കള്‍ക്ക് വേണ്ടെന്ന പരിഹാസത്തോടെയാണ് രാഹുല്‍ ഗാന്ധി അവിശ്വസ പ്രമേയത്തിലെ പ്രസംഗം തുടങ്ങിയത്. ബിജെപിയുടെ രാഷ്ട്രീയം മണിപ്പൂരിനെ മാത്രമല്ല ഹിന്ദുസ്ഥാനെ തന്നെയാണ് കൊലചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാവണന്‍ മേഘനാഥനെയും കുംഭകര്‍ണനെയും മാത്രമാണ് കേട്ടിരുന്നത്. അതുപോലെ മോദിയും അമിത് ഷായേയും അദാനിയേയും മാത്രമേ കേള്‍ക്കുന്നുള്ളുവെന്നും രാഹുല്‍ പരിഹസിച്ചു. മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണെന്നും മോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സുപ്രധാന പ്രസംഗത്തിലെ പ്രധാന വാക്കുകള്‍ സഭാ രേഖകളില്‍ നിന്നും നീക്കിയത്.