28
Jun 2024
Thu
28 Jun 2024 Thu
tamilnadu illicit liquor tragedy

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി. (25 dead, over 60 hospitalised after consuming illicit liquor in Tamil Nadu’s Kallakurichi)60ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ചികില്‍സയില്‍ കഴിയുന്നവരെ കള്ളക്കുറിച്ച് ജില്ലാ കലക്ടര്‍ എംഎസ് പ്രശാന്ത് സന്ദര്‍ശിച്ചു. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
tamilnadu illicit liquor tragedy death toll

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ശെഖാവത്തിനെ സ്ഥലം മാറ്റാനും പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മദ്യദുരന്തത്തില്‍ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍. രജത് ചതുര്‍വേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി.എസ്.പിമാരായ തമിഴ്ശെല്‍വനേയും മനോജിനേയും സസ്പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 200 ലിറ്റര്‍ മദ്യം കണ്ടെടുത്തു. മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ദുരന്ത സൂചനകള്‍ ലഭിച്ചത്. പിന്നാലെ, പുതുച്ചേരി ജിപ്‌മെറിലും കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കല്‍ കോളജുകളിലുമായി സമാന അസ്വാസ്ഥ്യങ്ങളോടെ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ 21 പേര്‍ കൂടി മരിച്ചു. ആശുപത്രിയിലുള്ളവരുടെ രക്തസാംപിള്‍ പരിശോധിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ മദ്യവില്‍പനശാലയായ ‘ടാസ്മാക്കി’ല്‍ ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ പ്രാദേശിക വില്‍പനക്കാരില്‍ നിന്നു മദ്യം വാങ്ങിയവരാണു ദുരന്തത്തില്‍പെട്ടത്.