കൊതുകുതിരിയില്‍നിന്ന് തീപ്പടര്‍ന്ന് മൂന്ന് കൊച്ചുമക്കളും മുത്തശ്ശിയും മരിച്ചു
|
ചെന്നൈ: കൊതുകുനശീകരണ ഉപകരണത്തില്‍ നിന്ന് വീട്ടിനുള്ളില്‍ തീപടര്‍ന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും മരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. തെങ്കാശി സ്വദേശിനി സന്താനലക്ഷ്മി (65), കൊച്ചുമക്കളായ സന്ധ്യ (10), പ്രിയ രക്ഷിത (8), പവിത്ര (8) എന്നിവരാണു നഗരത്തിനടുത്തുള്ള മണലി മാത്തൂരില്‍ മരിച്ചത്.സന്താനലക്ഷ്മിയുടെ മകളായ സെല്‍വിയുടെ മക്കളാണ് സന്ധ്യയും പ്രിയ രക്ഷിതയും. ഫുഡ് ഡെലിവറി ജീവനക്കാരനായ ഇവരുടെ അച്ഛന് ബൈക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. സഹായത്തിനായി മുത്തശ്ശിയെ വരുത്തിയ ശേഷം അച്ഛനെ പരിചരിക്കാന്‍ അമ്മ ആശുപത്രിയിലേക്കു പോയ രാത്രിയാണ് ദുരന്തം. സന്താനലക്ഷ്മിയും സന്ധ്യയും പ്രിയ രക്ഷിതയും സെല്‍വിയുടെ സഹോദരന്റെ മകള്‍ പവിത്രയും ഒന്നിച്ചാണ് ഉറങ്ങിയത്.
ശനിയാഴ്ച പുലര്‍ച്ചയൊടെ സമീപവാസികളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാര്‍ഡ്‌ബോര്‍ഡിലേക്ക് വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി പൊലീസ് സംശയിക്കുന്നു.





