19
Feb 2026
Wed
19 Feb 2026 Wed
online game addiction

ഗാസിയാബാദില്‍ ഒമ്പതാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി മൂന്ന് സഹോദരിമാര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ‘അമിതമായ ഓണ്‍ലൈന്‍ ഗെയിമിംഗ്’ (Excessive online gaming) ആസക്തിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാസിയാബാദ് പോലീസ് പറയുന്നതസരിച്ച് 12, 14, 16 വയസ്സ് പ്രായമുള്ള സഹോദരിമാരാണ് മരിച്ചത്. ഓണ്‍ലൈന്‍ ടാസ്‌ക് അധിഷ്ഠിത ഗെയിമുകളോടുള്ള ഇവരുടെ അമിത താല്പര്യത്തെ ചൊല്ലി വീട്ടിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് കരുതപ്പെടുന്നു.

പുലര്‍ച്ചെ ഏകദേശം 2 മണിയോടെ വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് സഹോദരിമാരെ കെട്ടിടത്തിന് താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ALSO READ: വിചാരണാ കോടതികള്‍ വധശിക്ഷ വിധിച്ചത് 1300 പേര്‍ക്ക്; ഹൈക്കോടതി അംഗീകരിച്ചത് 70 എണ്ണം മാത്രം

വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തുകയും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് പേരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

പോലീസ് പറയുന്നത്

ശാലിമാര്‍ ഗാര്‍ഡന്‍ എസിപി അതുല്‍ കുമാര്‍ സിംഗ് വ്യക്തമാക്കിയത് പ്രകാരം, പുലര്‍ച്ചെ 2.15-ഓടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകളോട് വലിയ ആസക്തി ഉണ്ടായിരുന്നുവെന്നും, ഇതിനെത്തുടര്‍ന്ന് അവര്‍ സ്ഥിരമായി സ്‌കൂളില്‍ പോകാറില്ലായിരുന്നുവെന്നും വിവരമുണ്ട്. വീട്ടുകാരുമായി സംസാരിച്ചും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്,’ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.