തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്)രോഗം വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നതായി ആരോഗ്യ വകുപ്പ്. (30-fold increase in mumps patients in Kerala; nearly 70,000 cases reported this year) ഇക്കൊല്ലം ഇതുവരെ 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
|
കഴിഞ്ഞവര്‍ഷം ഇത് 2324 ആയിരുന്നു. 30 മടങ്ങ് വര്‍ധനയാണ് ഒറ്റ കൊല്ലത്തിനിടെ ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 2016-ല്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ത്തലാക്കിയതാണ് ഇത്ര വലിയ വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
നേരത്തേ കുട്ടികള്‍ക്ക് ഒന്നര വയസ്സിനകം മംപ്‌സ്-മീസില്‍സ്-റുബെല്ല വാക്‌സീന്‍ (എംഎംആര്‍) നല്‍കിയിരുന്നു. 2016-ല്‍ ഇത് മീസില്‍സ്-റുബെല്ല വാക്‌സീന്‍ (എംആര്‍) മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളാണ് ഇപ്പോള്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്നത്. അലോപ്പതിക്ക് പകരം മറ്റ് ചികിത്സാ ശാഖകളെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ രോഗബാധിതര്‍ ഇനിയും കൂടുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്‌സിന് പ്രതിരോധശേഷി കുറവാണെന്നുമുള്ള കാരണത്താലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിരോധ കുത്തിവയ്പ്പ് നിര്‍ത്തലാക്കിയത്. എംഎംആര്‍ വാക്‌സിന്‍ അഞ്ചാംപനിക്ക് (മീസില്‍സ്) 93%, റുബെല്ലയ്ക്ക് 97% വീതം പ്രതിരോധം നല്‍കുന്നുവെങ്കില്‍ മുണ്ടിനീരിന് 78% മാത്രമാണുണ്ടായിരുന്നത്.
ഏറ്റവും കൂടുതല്‍ മലപ്പുറത്ത്
ഇക്കൊല്ലം മലപ്പുറം ജില്ലയില്‍ 13,524 കേസുകളും കണ്ണൂര്‍ ജില്ലയില്‍ 12,800 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് 5000പേര്‍ക്കും തിരുവനന്തപുരത്ത് 1575 പേര്‍ക്കുമാണ് രോഗബാധ. 5 മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്.
അപൂര്‍വമായി മുതിര്‍ന്നവര്‍ക്കും വരാറുണ്ട്. വായുവിലൂടെ രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് കൂടുതലും പകരുക. രോഗമുള്ള കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് വലിയതോതില്‍ വ്യാപനത്തിന് കാരണമാവും.
തൃശൂര്‍ മാള മേഖലയിലെ ചില സ്‌കൂളുകളില്‍ എല്‍പി ക്ലാസുകള്‍ അടച്ചിടേണ്ട അവസ്ഥയാണ്. ഇടുക്കി ജില്ലയിലും ചില സ്‌കൂളുകള്‍ ആഴ്ചകളോളം അടച്ചിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ 2 സ്‌കൂളുകള്‍ മൂന്നാഴ്ച അടച്ചിട്ടു.
രോഗ ലക്ഷണം
ചെവിയുടെ താഴെ കവിളിന്റെ ഭാഗത്തായി വീക്കം ഉണ്ടാവുന്നതാണ് രോഗലക്ഷണം. പനിയും തലവേദനയും വായ തുറക്കാനുള്ള പ്രയാസവും അനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും ഉണ്ടാവും. മുതിര്‍ന്ന പുരുഷന്മാരില്‍ വൃഷണവീക്കവും അനുഭവപ്പെടാം.


