01
Jun 2023
Fri
01 Jun 2023 Fri

മക്ക: മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് 8000ത്തോളം കിലോമീറ്റര്‍ താണ്ടി മലയാളി യുവാവ് ശിഹാബ് ചോറ്റൂർ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ് സൗദി അറേബ്യയിലെ മദീനയിലെത്തിയത്. 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം ഒമ്പതു ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

370 ദിവസം നീണ്ട കാൽനട യാത്രയിലൂടെ മക്കയിലെത്തിയ ശിഹാബ് ആദ്യം ഉംറ നിര്‍വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്തംബറിൽ ഇന്ത്യ-പാക് അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്താനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്.

ട്രാന്‍സിറ്റ് വിസ ലഭിക്കാനാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്താൻ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും അവി‌ടേക്ക് കടന്നതും. പാകിസ്താനിലൂടെ തുടർന്ന യാത്ര പിന്നീട് ഇറാനിൽ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്‌നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്. 2023ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനായിരുന്നു കഞ്ഞിപ്പുര സ്വദേശി ശിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്.