25
Mar 2023
Thu
25 Mar 2023 Thu

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചിറയിൻകീഴ്, അക്കോട്ട് വിള, ചരുവിള പുത്തൻവീട്ടിൽ മധു എന്ന ബാല(48) നെയാണ് 11കാരനെ പീഡിപ്പിച്ചതിന് കോടതി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

40 വർഷം കഠിന തടവിനൊപ്പം 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ വ്യക്തമാക്കി.

2020ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. സ്കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ കുട്ടിയെ കൊണ്ടുപോയി രണ്ട് തവണ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നൽകിയായിരുന്നു പീഡനം. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.

തുടർന്ന് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴിയിൽ മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽകി മറ്റു പലരും പീഡിപ്പിച്ചതായും മൊഴിയുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്. നിഷ്കളങ്കനായ കുട്ടിയെ ഹീനമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.