2018 മുതൽ വിദേശരാജ്യങ്ങളിൽ 403 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 34 രാജ്യങ്ങളിലായി മരിച്ച ഇന്ത്യൻ വിദ്യാർഥികളിൽ കൂടുതൽ പേരും കാനഡയിലാണ് മരിച്ചതെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചു. സ്വാഭാവിക മരണം, അപകടങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് വിദ്യാർഥികളുടെ മരണങ്ങളെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
|
91 വിദ്യാർഥികളാണ് കാനഡയിൽ മരിച്ചത്. യുകെ(48), റഷ്യ(40), യുഎസ്(36), ആസ്ത്രേലിയ(35), യുക്രയെൻ(21), ജർമനി(20), സൈപ്രസ്(14), ഇറ്റലി(10), ഫിലിപ്പീൻസ്(10)എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ മരിച്ച ഇന്ത്യൻ വിദ്യാർഥികളുടെ കണക്ക്. വിദേശത്തെ ഇന്ത്യൻ വിദ്യാർഥികളുടെയും സുരക്ഷ ഇന്ത്യൻ സർക്കാരിന്റെ പ്രഥമ പരിഗണനയിലൊന്നാണെന്ന് വി മുരളീധരൻ പറഞ്ഞു. കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ പോയിട്ടുള്ളതിനാലാണ് കൂടുതൽ മരണങ്ങളുണ്ടാകുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിച്ചു.
അടുത്തിടെയായി നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങളിൽ വംശീയ ആക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടിട്ടുള്ളത്.





