22
Feb 2023
Wed
22 Feb 2023 Wed

ഇസ്രായേലിലെ ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നു പോയ കർഷകസം​ഘത്തിൽപെട്ട ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയ രീതിയിൽ തീർഥാടകസംഘത്തിൽപെട്ട ആറുപേർ കൂടി ഇസ്രായേലിൽ മുങ്ങി. ഫാ. ജോർജ് ജോഷ്വായ്ക്കൊപ്പം ഇസ്രായേലിലേക്കു യാത്രപോയ 26 അം​ഗ സംഘത്തിലെ 5 സ്ത്രീകൾ ഉൾപ്പെടെ 6 പേരാണ് മുങ്ങിയത്. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2006 മുതൽ വിവിധ ട്രാവൽ ഏജൻസികളുടെ സഹായത്തോടെ തീർഥാടനം നടത്തിവരികയാണ് ഫാ. ജോർജ് ജോഷ്വാ. ഫെബ്രുവരി 8നാണ് സംഘം യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി 11ന് ഇസ്രായേലിൽ പ്രവേശിച്ചു. 14ന് വൈകിട്ട് എൻ കരേം എന്ന ടൂർ സൈറ്റിൽ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്‌ലഹേമിലെ ഹോട്ടലിൽ നിന്ന് 3 പേരെയുമാണ് കാണാതായത്.

കാണാതായ ഇവരിൽ മൂന്നു പേർ തിരുവനന്തപുരം സ്വദേശികളും രണ്ടു പേർ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാൾ വർക്കലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.

ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവരെക്കുറിച്ചാണ് വിവരമില്ലാത്തത്. സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന പാസ്പോർട്ടുകൾ തിരികെ വാങ്ങാതെയാണ് എല്ലാവരും പോയത്. ഇതിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ ആരോപിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയത്. വൻ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്.

‘‘ആദ്യമേ ഇവരെ കാണാനില്ലെന്ന ധാരണയിലാണ് ഞങ്ങൾ പരാതി നൽകിയത്. പക്ഷേ മനഃപൂർവം പോയതാണെന്ന് ഇപ്പോൾ ഉറപ്പായി. ഇത്തരം യാത്രകൾക്ക് വീസ പോലുമില്ല. ഏതാനും ദിവസത്തേക്ക് അവിടെ പോയി വരാനുള്ള പെർമിറ്റ് മാത്രമാണ് തീർഥാടക സംഘത്തിന് കിട്ടുന്നത്. മുങ്ങിയ ആറു പേരിൽ 69 വയസ്സുള്ള അമ്മമാർ വരെയുണ്ട്. ഇവരൊക്കെ അവിടെ എന്തു ജോലി ചെയ്യുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അവിടം പരിചയമുള്ള ആൾക്കാരുടെ പിന്തുണയില്ലാതെ ഇങ്ങനെ മുങ്ങാൻ സാധിക്കില്ലെന്നും ഫാ.ജോർജ് ജോഷ്വ വ്യക്തമാക്കി.