ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് വിരമിച്ച ജീവനക്കാരനെ സിബിഐ, കസ്റ്റംസ്, ഐടി, നാര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥരെന്ന് ധരിപ്പിച്ച് ഒരുസംഘം 85 ലക്ഷം രൂപ തട്ടിയെടുത്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് തട്ടിപ്പ് നടന്നത്. ഡല്‍ഹി ഉത്തംനഗറിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ബ്രാഞ്ചില്‍ റാണ ഗാര്‍മെന്റ്സ് എന്ന കമ്പനിയുടെ പേരില്‍ തുറന്നിരുന്ന അക്കൗണ്ടിലേക്കാണ് ഇരയെക്കൊണ്ട് നിക്ഷേപിപ്പിച്ചത്. തുടര്‍ന്ന് ഈ പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 105 അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി.
|
മൂന്നുവര്‍ഷം കൂടി സര്‍വീസ് ശേഷിക്കെ വിആര്‍എസ് എടുത്ത 57കാരന്റെ പണമാണ് നഷ്ടപ്പെട്ടത്. മകനെ വിദേശത്ത് പഠിക്കാനയയ്ക്കാനായിരുന്നു വിആര്‍എസ് എടുത്തതെന്ന് പരാതിക്കാരന് പറയുന്നു. റിട്ടയര്‍മെന്റ് ആനുകൂല്യമായി മെയ് രണ്ടിനാണ് 57കാരന് സ്ഥാപനത്തില്‍ നിന്ന് അക്കൌണ്ടിലേക്ക് പണം ലഭിച്ചത്. മെയ് 17ന് ഇദ്ദേഹത്തിന്റെ മകന് വിസ അപ്പോയിന്മെന്റ് ഉണ്ടായിരുന്നു.
ഇതിനിടെ മെയ് 14ന് സിബിഐ, കസ്റ്റംസ്, നാര്‍ക്കോട്ടിക്സ്, ആദായ നികുതി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി ഒരു സംഘം സ്കൈപ്പില്‍ വിളിക്കുകയും അടുത്തദിവസം ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട 85 ലക്ഷം രൂപയെക്കുറിച്ചു ചോദിക്കുകയും ചെയ്തു. വിശ്വാസ്യതയ്ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും സംഘം ഇരയെ കാണിച്ചിരുന്നു.
തനിക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച കൃത്യമായ തുക തട്ടിപ്പുകാര്‍ മനസ്സിലാക്കിയിരുന്നുവെന്നും ഇതിനു പിന്നില്‍ വിശാഖപട്ടണത്തെ എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും തട്ടിപ്പിനിരയായ ഉദ്യോഗസ്ഥന് പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ബാങ്കിലെത്തി നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തു.
തട്ടിപ്പിനിരയായ ഉദ്യോഗസ്ഥന്റെ ആധാര്‍ നമ്പര്‍ നിരവധി നാര്‍ക്കോട്ടിക്സ്, കള്ളംപണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നുമറിയിച്ച് സൈബര്‍ ക്രൈം ഡിസിപി ബാല്‍സിങ് രാജ്പുത് ആണെന്നു പരിചയപ്പെടുത്തിയാണ് ആദ്യ ഫോണ്‍കോള്‍ ലഭിച്ചതെന്ന് ഉദ്യോഗസ്ഥന് പോലീസിനോടു പറഞ്ഞു.
തുടര്‍ന്ന് മേലുദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാളെ കൂടി ഇയാള്‍ ഫോണ്‍കോളില്‍ ഇടപെടുത്തുകയും കേസെടുക്കണമോ എന്ന് ആരായുകയും ചെയ്തു. കേസെടുത്താല്‍ ജയിലില്‍ പോവേണ്ടിവരുമെന്ന ഭീഷണിയും സംഘം മുഴക്കിയതോടെ പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം പണം തിരികെ നല്‍കാമെന്ന് ഇദ്ദേഹത്തെ അറിയിക്കുകയുമായിരുന്നു. ഇതു വിശ്വസിച്ച ഉദ്യോഗസ്ഥന് അവരുടെ നിര്‍ദേശമനുസരിച്ച് അടുത്തുള്ള എച്ച്ഡിഎഫ്സി ബാങ്കിലെത്തി റാണാ ഗാര്‍മെന്റ്സിന്റെ പേരിലേക്ക് 85 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പണം കിട്ടിയെന്നറിച്ചുള്ള വ്യാജ ലെറ്ററും ഇതോടെ സംഘം ഇരയ്ക്കു കൈമാറി.
രേഖകളുടെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന് തട്ടിപ്പുകാര്‍ പറഞ്ഞിരുന്നു. സ്കൈപ്പ് വഴി രണ്ടുദിവസമാണ് തട്ടിപ്പുകാര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പരാതിക്കാരനെ ചോദ്യം ചെയ്തത്. വീട്ടില്‍ നിന്നുപുറത്തുപോവാനോ ആരെയെങ്കിലും ഫോണില്‍ വിളിക്കാനോ പോലും സംഘം സമ്മതിച്ചിരുന്നില്ലെന്ന് പരാതിക്കാരന് പറയുന്നു. പണം തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാരന് അറിയുന്നത്.
അതേസമയം പണം അയച്ചുനല്‍കിയ അക്കൗണ്ട് ഹോള്‍ഡറായ സ്ഥാപനത്തിന്റെ പേരില്‍ അന്വേഷിച്ചുചെന്നപ്പോള്‍ അവിടെ മറ്റൊരു കമ്പനിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. റാണാ ഗാര്‍മെന്റ്സിന്റെ കെവൈസി അടക്കമുള്ള രേഖകള്‍ ബാങ്കില്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ കണ്ടെത്താനുള്ള ശ്രമം വിശാഖപട്ടണം ക്രൈംബ്രാഞ്ച് തുടരുകയാണ്.







