കള്ളപ്പണം തടയാനെന്ന അവകാശവാദത്തോടെ മോദി സർക്കാർ അർധരാത്രി നടത്തിയ നോട്ടുനിരോധനം രാജ്യത്തുണ്ടാക്കിയ കെടുതികൾ ചില്ലറയല്ല. കൈയിലുള്ള നിരോധിത നോട്ടുകൾ കൈമാറാൻ ബാങ്കുകൾക്ക് മുമ്പിൽ വരിനിന്ന് മരിച്ചവർ അനേകം. നിരോധിച്ച നോട്ടുകൾ പൂർണമായും തിരിച്ചെത്തിയതോടെ കള്ളപ്പണം കണ്ടുകെട്ടലെന്ന കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞിരുന്നു. 500ന്റെയും 1000ന്റെയും നോട്ടുകൾക്കു പകരം കൊണ്ടുവന്ന 2000 രൂപയുടെ നോട്ടുകളാണ് കേന്ദ്രസർക്കാരിനെ ഇപ്പോൾ തിരിഞ്ഞുകൊത്തുന്നത്.
|
കഴിഞ്ഞവർഷം രാജ്യത്താകെ പിടികൂടിയ വ്യാജ കറൻസികളിൽ 60 ശതമാനവും 2,000 ന്റെ നോട്ടുകളാണെന്ന് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 20.4 കോടിരൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഇതിൽ 12.18 കോടി രൂപയുടെ നോട്ടുകൾ (60,915 രണ്ടായിരം രൂപ നോട്ടുകൾ) രണ്ടായിരത്തിന്റേതായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നാണ് ഏറ്റവുമധികം രണ്ടായിരത്തിന്റെ വ്യാജനോട്ടുകൾ പിടികൂടിയത്(25,012 നോട്ടുകൾ). കേരളത്തിൽ നിന്നും 9,065 വ്യാജനോട്ടുകൾ പിടികൂടി. 6.6 കോടി രൂപ മൂല്യംവരുന്ന 500 രൂപയുടെയും 45 ലക്ഷം രൂപ മൂല്യംവരുന്ന 200 ന്റെയും വ്യാജനോട്ടുകളും പിടികൂടിയെന്നും എൻസിആർബി റിപോർട്ടിൽ പറയുന്നു. 2020ൽ 92.17 കോടി രൂപ മൂല്യംവരുന്ന വ്യാജനോട്ടുകളാണ് പിടികൂടിയത്. കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത് പ്രകാരം മൂന്നുവർഷത്തിലേറെയായി 2,000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ല.
കള്ളപ്പണമായി കുഴിച്ചിട്ടാൽ പോലും കണ്ടെത്താൻ സഹായിക്കുന്ന ചിപ്പുകൾ വരെ മോദി സർക്കാർ 2000 രൂപ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സംഘപരിവാര കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ആർബിഐ പുറത്തിറക്കിയ പുതിയ നോട്ടുകൾ മഴ നനഞ്ഞാൽ നിറമിളകുന്ന തരത്തിൽ നിലവാരം കുറഞ്ഞതാണെന്ന പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. രണ്ടായിരം രൂപ നോട്ടുകൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.



