ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജില്‍ 16 മാസത്തിനിടെ എയിഡ്‌സ് സ്ഥിരീകരിച്ചത് 60 ഗര്‍ഭിണികളില്‍. എയിഡ്‌സ് ബാധിതരായ സ്ത്രീകളെ മീററ്റിലെ ലാലാ രജ്പത് റായി മെഡിക്കല്‍ കോളജിലെ ആന്റി റെട്രോവൈറല്‍ തെറാപ്പി സെന്ററില്‍ ചികില്‍സിച്ചു വരികയാണ്. ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററാണ് ആശങ്കാജനകമായ റിപോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
|
പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 81 സ്ത്രീകളില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചുവെന്ന് കേന്ദ്രത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 35 പേര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഒന്നര വയസ്സ് പ്രായമാകുമ്പോഴാണ് ഈ കുട്ടികളെ എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാക്കുകയെന്ന് സെന്ററിലെ നോഡല്‍ ഓഫിസര്‍ പറഞ്ഞു. 2022-23ല്‍ 33 എച്ച്‌ഐവി കേസുകളാണ് ഗര്‍ഭിണികളില്‍ സ്ഥിരീകരിച്ചത്. 2023ല്‍ ജൂലൈ മാസം വരെ 13 പുതിയ കേസുകളും സ്ഥിരീകരിക്കുകയുണ്ടായി. ഇതിനു പുറമേയാണ് 35 ഗര്‍ഭിണികള്‍ കൂടി എച്ച്‌ഐവി ബാധിതരായുള്ളത്.
ലാലാ രജ്പത് റായി മെഡിക്കല്‍ കോളജില്‍ 60 ഗര്‍ഭിണികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായും അമ്മമാരും ഇവരുടെ കുട്ടികളും ആരോഗ്യവാരായി തുടരുന്നുവെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഖിലേഷന്‍ മോഹന്‍ പ്രസാദ് പറഞ്ഞു. അതേസമയം ഇത്രയധികം പേര്‍ക്ക് എങ്ങനെയാണ് എച്ച്‌ഐവി പിടിപ്പെട്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സിറിഞ്ചുകളുടെ പുനരുപയോഗമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.


