അസം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ മുസ് ലിം വേട്ടയുടെ കണക്കുകൾ പുറത്ത്. സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരിൽ 61 ശതമാനവും വിചാരണ കാത്തുകഴിയുന്ന തടവുകാരിൽ 49 ശതമാനവും മുസ് ലിംകളാണെന്ന് പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അസമിലെ ജനസംഖ്യയിൽ 34 ശതമാനമാണ് മുസ് ലിംകൾ എന്നിരിക്കെയാണ് ജയിലുകളിലടച്ച തടവുകാരുടെ എണ്ണത്തിലുണ്ടാവുന്ന മുസ് ലിം പ്രാതിനിധ്യത്തിന്റെ ഉയർന്ന തോത് ആശങ്ക സൃഷ്ടിക്കുന്നത്. മുസ് ലിം വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധ നേടിയ സർക്കാരാണ് ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള അസമിലെ ബിജെപി ഗവൺമെന്റ്.
|
ഹിമാന്ത ബിശ്വ ശർമ അധികാരമേറ്റതിനു പിന്നാലെ 2021 മെയിൽ അസമിൽ 161 ഇടങ്ങളിലുണ്ടായ പൊലീസ് നടപടികൾ 51 പേർ മരിക്കുകയും 139 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 22 പേർ മുസ് ലിംകളും മറ്റുള്ളവർ ഇതര ന്യൂനപക്ഷങ്ങളുമായിരുന്നു. അസം പൗരത്വ രജിസ്റ്ററിൽ നിന്നു പുറത്താക്കപ്പെട്ട് നൂറുകണക്കിന് മുസ് ലിംകളാണ് തടവുകേന്ദ്രങ്ങളിൽ കഴിയുന്നത്
രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ 30 ശതമാനത്തിനു മുകളിൽ മുസ് ലിംകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ മുസ് ലിം ജനസംഖ്യ 14.2 ശതമാനം മാത്രമാണ്. ദലിതുകളും ആദിവാസികളും സിഖുകാരുമാണ് അവരുടെ ജനസംഖ്യാനുപാതികത്തിനേക്കാൾ കൂടുതൽ തടവുകാരായി കഴിയുന്ന മറ്റു വിഭാഗങ്ങൾ.
കോടതികൾ ശിക്ഷിച്ചവർ, വിചാരണത്തടവുകാർ, കസ്റ്റഡിയിലെടുക്കപ്പെട്ടവർ, ഈ മൂന്നു ഗണത്തിലും പെടാത്തവർ എന്നിങ്ങനെ നാലു വിഭാഗത്തിൽപെട്ടവരാണ് രാജ്യത്തെ തടവുകാർ. 2021ലെ കണക്കുകൾ പ്രകാരം ഹരിയാനയിലെ ജയിലിലടച്ച രാഷ്ട്രീയതടവുകാരായ 41 പേരും മുസ് ലിംകളായിരുന്നു. പശ്ചിമബംഗാളിൽ ഇത് 78.5 ശതമാനവും ഉത്തർപ്രദേശിൽ 56.7 ശതമാനവുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.



