30
Mar 2025
Mon
30 Mar 2025 Mon
62 year old man sentenced for 110 year imprisonment over POCSO case

അയല്‍വാസിയായ ബാലികയെ മൂന്നുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച 62കാരന് 110 വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ച് പോക്‌സോ കോടതി. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ ആണ് ചേര്‍ത്തല പോക്‌സോ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 മുതല്‍ ഇയാള്‍ നാലുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുതുടങ്ങിയെങ്കിലും വിവരം പുറത്തറിയുന്നത് 2021ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്തായിരുന്നു പീഡനം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പോലീസ് പിടിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു ദിവസം വീടിനടുത്തുള്ള നിര്മാണത്തിലിരിക്കുന്ന വീട്ടില്‍വച്ചും ഇയാള്‍ പെണ്‍കുട്ടിക്കെതിരേ പ്രതി ലൈംഗികാതിക്രമം നടത്തി. ഇതില്‍ കുട്ടിയുടെ സ്വകാര്യഭാഗത്തു മുറിവേറ്റിരുന്നു.

ALSO READ: കണ്ണൂരില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍

2021ല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ കുട്ടിയോട് ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മൂമ്മ അമ്മയെ അറിയിക്കുകയും പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയുമായിരുന്നു. മണ്ണഞ്ചേരി പോലീസാണ് കേസെടുത്തത്.
കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന് കേസ് വിഭജിച്ച് നടത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 29 സാക്ഷികളെയും 28 രേഖകളും ഹാജരാക്കി.

2021 മെയ് 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടറായിരുന്ന രവി സന്തോഷാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പക്ടറായിരുന്ന ബി വിനോദ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വനിതാ എസ്‌ഐ ജെര്‍ട്ടീന ഫ്രാന്‍സിസ്, ഓഫിസര്‍മാരായ ബി ശ്രീലക്ഷ്മി, മഞ്ജുഷ, ശാരി, ആശ, നിഷാദ്, പ്രവീണ്‍കുമാര്‍, മോനേഷ്, ശ്രീകുമാര്‍, സി എ അശോകന്‍, ബി കെ അശോകന്‍ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക