30
Aug 2023
Mon
30 Aug 2023 Mon

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി യാത്രചെയ്ത ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 27 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗംഗോത്രിയിലെ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് മടങ്ങവേ, ഉത്തര്‍കാശി ജില്ലയിലെ ഗംഗാഗ്‌നിയില്‍വെച്ച് ഞായറാഴ്ച വൈകീട്ടാണ് അപകടം. ഗുജറാത്തില്‍നിന്നുള്ള 35 തീര്‍ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ച ഏഴുപേരും ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍നിന്നുള്ളവരാണ്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവരുടെ മരണം സംഭവിച്ചു. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അപകടത്തെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം അടിയന്തര രക്ഷാപ്രവര്‍ത്തന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര സിങ് പട്ടേല്‍ എക്സില്‍ അനുശോചനം രേഖപ്പെടുത്തി.

എസ്.ഡി.ആര്‍.എഫ്.- എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അടിയന്തര ആവശ്യങ്ങള്‍ക്കായി ഹെലിക്കോപ്ടറും സജ്ജമാക്കി. ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായ മഴയാണ്. ഇതേത്തുടര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്.