|
മുംബൈ: മഹാത്മാഗാന്ധിജിയെ ഹിന്ദുത്വവാദികൾ വെടിവച്ചുകൊന്നിട്ട് ഇന്നേക്ക് 75 വർഷങ്ങൾ. 1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകിട്ട് 5.12 നാണ് ഹിന്ദു മഹാസഭ അംഗവും ആർ.എസ്.എസ് പ്രവർത്തകനുമായ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിക്കു നേരേ വെടിയുതിർത്തത്. ഡൽഹിയിലെ ബിർള മന്ദിരത്തിൽ സർവമത പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു ഗാന്ധിജി. വെടിയേറ്റ് 15 മിനിറ്റിനകം മരിച്ചു.
ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിക്കാനായി എത്തിയ ആൾ ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. വെടിയേറ്റ് നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികളാണുണ്ടായിരുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ഗാന്ധിജിയുടെ 168ാം ദിവസമായിരുന്നു അത്.
സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ വളർച്ചയാണ് അദ്ദേഹം സ്വപ്‌നം കണ്ടത്. എന്നാൽ ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കും മുൻപേ അദ്ദേഹം വീണു പോയി. ഒരു മതഭ്രാന്തന്റെ തോക്കിൽ നിന്നു വന്ന മൂന്നു ബുള്ളറ്റുകൾ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കു കൂടിയാണ്.
മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാൻ ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഇങ്ങനെ മന്ത്രിച്ചു;’ നമ്മുടെ ജീവിതങ്ങളിൽനിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സർവവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു…’ എന്നാൽ ആ വെളിച്ചം ഇന്നും ഇന്ത്യയിൽ അവശേഷിക്കുകയാണ്. ?



