26
Aug 2025
Sat
26 Aug 2025 Sat
Rahul Gandhi

80 വോട്ടര്‍മാരുടെ ആഡ്രസ് ഒറ്റുമുറി വീട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി വെളിപ്പെടുത്തിയ മഹാദേവപുരയിലെ വിലാസത്തില്‍ അന്വേഷണം നടത്തി ഇന്ത്യാ ടുഡേ. ബൂത്ത് നമ്പര്‍ 470ല്‍ മുനി റെഡ്ഡി ഗാര്‍ഡനിലുള്ള 35ാം നമ്പര്‍ വീടാണ് വിവാദ അഡ്രസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേവലം 10-15 ചതുരശ്ര അടി മാത്രമുള്ള ഈ വീട്ടില്‍ നിലവില്‍ താമസിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഫുഡ് ഡെലിവറി ഏജന്റ് ദീപാങ്കറാണ്. ഒരു മാസം മുമ്പാണ് ഇയാള്‍ ഈ വീട്ടിലെത്തിയത്. തനിക്ക് ബംഗളൂരുവില്‍ വോട്ടര്‍ ഐഡിയില്ലെന്നും വോട്ടര്‍ പട്ടികയില്‍ പറയുന്ന പേരുകള്‍ തനിക്ക് അറിയില്ലെന്നും ദീപാങ്കര്‍ വെളിപ്പെടുത്തി.

വീട്ടുടമ ജയറാം റെഡ്ഡി ബിജെപി ബന്ധമുള്ളയാളാണെന്ന് ദീപാങ്കര്‍ പറഞ്ഞു. ആദ്യം ബിജെപി ബന്ധമുണ്ടെന്ന് സമ്മതിച്ച ജയറാം റെഡ്ഡി പിന്നീട് താന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യാറുണ്ടെന്നും തിരുത്തിയതായി ഇന്ത്യ ടുഡേ റിപോര്‍ട്ടില്‍ പറയുന്നു.

ALSO READ: ധര്‍മസ്ഥലയിലെ കുഴിച്ചുമൂടല്‍ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ക്ഷേത്ര സെക്രട്ടറിയുടെ ഹരജി വിചാരണക്കോടതിക്ക് വിട്ട് സുപ്രിംകോടതി

നേരത്തേ ഇവിടെ താമസിച്ചിരുന്ന പല താമസക്കാരും വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിന്നീട് സ്ഥലം മാറിപ്പോയതാണെന്നും ജയറാം റെഡ്ഡി സമ്മതിച്ചു. എന്നാല്‍, ഇവരില്‍ പലരും തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ എത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ പ്രശനത്തെ കുറിച്ച് തിരഞ്ഞെടുപ്പ് അധികൃതരെ അറിയിച്ചിട്ടില്ലെന്നും റെഡ്ഡി സമ്മതിച്ചു. എന്നാല്‍, ഇനി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പറഞ്ഞിട്ടുള്ള 80 പേരുടെ അഡ്രസ് ഇത് തന്നെയാണ്. ഇവരില്‍ പലരും ഒഡിഷ, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് മടങ്ങിപ്പോയി. ചിലര്‍ ഇപ്പോഴും വോട്ട് ചെയ്യാന്‍ എത്താറുണ്ട്.

ബംഗളൂരുവിന് സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിവാളികള്‍ വോട്ടര്‍ ഐഡി കിട്ടുന്നതിന് വേണ്ടി വാടക കരാര്‍ ഉപയോഗിക്കാറുണ്ടെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍(ബിഎല്‍ഒ) മുനിരത്‌ന പറഞ്ഞു. വോട്ടര്‍ ഐഡി ലഭിച്ച ശേഷം മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന ഇവരില്‍ പലരുടെയും പേരുകള്‍ പട്ടികയില്‍ ബാക്കിയാവും.

ഇങ്ങിനെ മാറിപ്പോയ വോട്ടര്‍മാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നുവെന്നും എന്നാല്‍, നടപടിക്രമങ്ങള്‍ മൂലം നീക്കം ചെയ്യാന്‍ വൈകുന്നതാണെന്നും മുനിരത്‌ന അവകാശപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്നും ഇത്തരം വ്യാജവോട്ടര്‍മാരിലൂടെയും തിരിമറികളിലൂടെയുമാണ് ബിജെപി ജയിക്കുന്നതെന്നും വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കര്‍ണാടകയിലെ വോട്ടര്‍ പട്ടികയാണ് ഇതിന് ഉദാഹരണമായി രാഹുല്‍ ചൂണ്ടിക്കാട്ടിയത്.

മഹാദേവപുര മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ഉണ്ടെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. ഇതിനെതിരേ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇന്‍ഡ്യ മുന്നണി.

English News Summary:
India Today conducted a ground reality check on Opposition Leader Rahul Gandhi’s allegation of voter manipulation in Bengaluru Central constituency, zeroing in on Booth No. 470 in Mahadevapura, part of the city’s IT corridor near the Outer Ring Road.