ധര്‍മസ്ഥലയില്‍ നിരവധി പേരെ കൊന്നു കുഴിച്ചുമൂടിയെന്ന കേസുമായി ബന്ധപെട്ട് അപവാദ പ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട ധര്‍മസ്ഥല ക്ഷേത്ര സെക്രട്ടറി ഹര്‍ഷേന്ദ്ര കുമാര്‍ ഡി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി വിചാരണക്കോടതിക്കു വിട്ടു. ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, മന്‍മോഹന്‍ എന്നിവര്‍ വിഷയം പരിശോധിക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കിയത്. ഹരജിയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
|
മുതിര്‍ന്ന അഭിഭാഷകന്‍ മുകുല്‍ റോഹത്ജിയാണ് ക്ഷേത്രഭാരിവാഹിക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്. ധര്‍മസ്ഥലയിലെ കുഴിച്ചുമൂടല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ബംഗളുരു സിവില്‍ കോടതി മാധ്യമങ്ങളെ വിലക്കിയ നടപടി കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ഷേന്ദ്ര കുമാര്‍ സുപ്രിംകോടതിയിലെത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം ധര്‍മസ്ഥലയില്‍ പ്രത്യേക ദൗത്യ സേന നടത്തുന്ന കുഴിച്ചുപരിശോധനയും മറ്റും പകര്‍ത്താനെത്തിയ നാല് യുട്യൂബര്‍മാരെയും കാമറാമാന്‍മാരെയും ഒരു സംഘം ആക്രമിച്ചിരുന്നു. പോലീസ് എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. പരിക്കേറ്റ ഇവര്‍ ചികില്‍സയില്‍ തുടരുകയാണ്.
ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വിവരം പുറത്തുപറയുന്നത്. ഇദ്ദേഹം ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ കുഴിച്ചുപരിശോധനകള്‍ നടത്തിവരുന്നത്. കുഴിച്ചു പരിശോധിച്ച സ്ഥലങ്ങളില്‍ നിന്ന് മനുഷ്യരുടെ അസ്ഥികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





