02
Feb 2024
Thu
02 Feb 2024 Thu

ദുബായ് : ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ മലയാളി കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) നാണ് ആശ്വാസ വിധി ലഭ്യമായത്. മുൻ ജീവനക്കാരൻ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ട് നിന്നതായി ആരോപിച്ചു ദുബായിലെ പ്രമുഖ ഓട്ടോമേഷൻ കമ്പനി നൽകിയ കേസിൽ ഇദ്ദേഹവും പ്രതി ചേർക്കപ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 – ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാംഗ്ലൂർ സ്വദേശിയായ ഒന്നാം പ്രതിയുടെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന ദിനിൽ ഇയാൾ കമ്പനിയിൽ നിന്ന് ജോലി റിസൈൻ ചെയ്ത് പോയതിന് ശേഷവും അയാളുമായി ബന്ധം പുലർത്തുകയും കമ്പനിയുടെ പേരിൽ ഉള്ള ഇമെയിൽ ഐഡിയും പാസ്‌വേർഡും ഇയാൾക്ക് കൈമാറി കൊണ്ട് ജോലിയിൽ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിക്കുകയുണ്ടായി.

ഇതിനിടയിൽ ഒന്നാം പ്രതി കമ്പനി ഇ – മെയിൽ ഐഡി ദുരുപയോഗം ചെയ്തു ഡൂ ടെലികമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപറ്റി. വിവരമറിഞ്ഞ തൊഴിലുടമ ദിനിൽ ഉൾപ്പടെ ഇരുവർക്കുമെതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഉണ്ടായ നിയമ നടപടികളിൽ ദിനിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും ശേഷം നാട് കടത്താനും കോടതി വിധിച്ചു. ഇതോടെ പ്രതിസന്ധിയിലായ ദിനിൽ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു.

തുടർന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടു ക്കുകയും സൗജന്യ നിയമസഹായത്തിലൂടെ അപ്പീൽ കോടതി മുഖാന്തിരം നടത്തിയ നിയമ മുന്നേറ്റത്തിലാണ് ദിനിൽ കുറ്റവിമുക്തനായത്.