കൂട്ടബലാല്‍സംഗത്തിനിരയായ മകളും മരുമകളും തൂങ്ങിമരിച്ചതിനു പിന്നാലെ 45കാരനായ പിതാവ് ജീവനൊടുക്കി. കൂട്ടബലാല്‍സംഗ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് പിതാവ് ജീവനൊടുക്കിയതെന്ന് കുടുംബം വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.(father of rape victim ends his life after daughter dies by suicide)
|
ഇദ്ദേഹത്തിന്റെ 14കാരിയായ മകളും സഹോദരി പുത്രിയായ 15കാരിയും കൂട്ടബലാല്‍സംഗത്തിനിരയായതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ഇഷ്ടിക ചൂളയ്ക്കു സമീപമുള്ള മരത്തില്‍ തൂങ്ങിമരിക്കുകയുണ്ടായി. പെണ്‍കുട്ടികളും കുടുംബവും ജോലി ചെയ്തിരുന്ന കാണ്‍പൂറിലെ ഖതംപുറിലെ ഇഷ്ടികചൂളയുടെ കോണ്‍ട്രാക്ടറായ രാം സേവകിന്റെ മകനും മരുമകനും ചേര്‍ന്നായിരുന്നു പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്തത്.
ആക്രമണദൃശ്യം കാമറയില്‍ പകര്‍ത്തിയ സംഘം ഇതുവച്ച് കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതോടെയാണ് ഇരുവരും ജീവനൊടുക്കിയത്. മകളുടെ മരണത്തിനു പിന്നാലെ യുവാവ് ഹാമിര്‍പുറിലേക്ക് പോവുകയായിരുന്നു.
സംഭവത്തില്‍ രാം സേവകിനെയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് പരാതി പിന്‍വലിക്കണമെന്ന ഭീഷണി പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവിന് നേരെയുണ്ടായത്. ഇതു താങ്ങാനാവാതെയാണ് ഇദ്ദേഹം ജീവനൊടുക്കിയത്.





