സിനിമാപ്രേമികള്‍ 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സിയുടെ ആടുജീവിതം. ചിത്രം തിയേറ്ററുകളിലെത്താൻ ഇനി കൃത്യം 20 ദിവസമേ ബാക്കിയുള്ളു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് എത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്കാണ് ട്രെയിലർ പുറത്തിറക്കുന്നത്.
|
പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവര് വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കാത്തിരിപ്പ് അവസാനിപ്പിച്ച് ചിത്രം മാർച്ച് 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്.
കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.
2008ല്‍ പ്രാരംഭ ജോലികള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14 നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്), കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ കെ എസ്സും, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ആണ്.
Aadujeevitham trailer Today


