16
Mar 2024
Thu
16 Mar 2024 Thu

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങളുടെ അതിപ്രസരം കണക്കിലെടുത്ത് 18 ഒടിടി പ്ലാറ്റ്‌ഫോമുകളും പത്ത് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മലയാളത്തില്‍ ആരംഭിച്ച അഡല്‍ട്ട് ഒണ്‍ലി പ്ലാറ്റ്ഫോമായ ‘യെസ്മ’യും നിരോധിച്ചവയില്‍ പെടുന്നു. (Ministry of information blocks 18 OTT platforms including yesma)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടാതെ, 19 വെബ്സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വിലക്കുണ്ട്. ഒരു കോടിയിലധികം ഡൗണ്‍ലോഡുകള്‍ നേടിയ ആപ്പുകളും നിരോധിച്ചവയില്‍പ്പെടുന്നു. മറ്റ് രണ്ടെണ്ണത്തിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 50 ലക്ഷത്തിലധികം ഡൗണ്‍ലോഡ് ഉണ്ട്.

മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെയാണ് നടപടിയെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചു. സര്‍ഗാത്മകമായ ആവിഷ്‌കാരത്തിന്റെ മറവില്‍ അശ്ലീലം പ്രചരിപ്പിക്കുന്നതിനെതിരേയാണ് നടപടി.
union minister anurag thakoor

പല ഒടിടി പ്ലാറ്റ്‌ഫോമുകളിലും അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ വിഡിയോ കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഐ.ടി ആക്ടിലെ സെക്ഷന്‍ 67, 67 എ, ഐ.പി.സി സെക്ഷന്‍ 292 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നടപടി.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഏഴും ആപ്പ്ള്‍ സ്റ്റോറില മൂന്നും ആപ്പുകളാണ് നിരോധിച്ചത്. ഫേസ്ബുക്കിലെ 12 അക്കൗണ്ടുകള്‍, ഇന്‍സ്റ്റഗ്രാമില്‍ 17, എക്‌സില്‍ 16, യൂട്യൂബില്‍ 12 എന്നിങ്ങനെയാണ് നടപടി നേരിട്ട അക്കൗണ്ടുകളുടെ എണ്ണം.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡാ, ട്രൈ ഫ്‌ളിക്ക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വി.ഐ.പി, ബേഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ് എക്‌സ്, മോജ്ഫ്‌ളിക്‌സ്, ഹോട്ട് ഷോട്ട്‌സ് വി.ഐ.പി, ഫ്യൂഗി, ചിക്കൂഫ്‌ളിക്‌സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിട്ട ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍.