28
Mar 2024
Mon
28 Mar 2024 Mon
bjp neglect nusrath jahan in wayanad seat by announcing k surendran as candidate

വയനാട്: രാഹുല്‍ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനെത്തിയതോടെയാണ് വയനാട് മണ്ഡലം ദേശീയ ശ്രദ്ധ നേടുന്നത്. ഇത്തവണയും രാഹുല്‍ വയനാട്ടില്‍ നിന്നു തന്നെ ജനവിധി നേടുമ്പോള്‍ വീണ്ടും വയനാട് ചര്‍ച്ചയാവുകയാണ്. എന്‍ഡിഎ ഘടകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാന്‍ രാഹുലിനെതിരേ വയനാട്ടില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. റിപബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാംദാസ് അത്താവാലെയാണ് കോഴിക്കോട്ടുകാരിയായ നുസ്രത്ത് ജഹാന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ബിജെപി ഈ പ്രഖ്യാപനത്തിനും അതിനു പിന്നാലെ സാമൂഹികമാധ്യമങ്ങളിലൂടെയും പിആര്‍ ഏജന്‍സികളിലൂടെയും നടത്തിയ പ്രചാരണങ്ങള്‍ക്കും
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കും വില കൊടുത്തില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ പുറത്തുവിട്ട അഞ്ചാമത് സ്ഥാനാര്‍ഥി പട്ടിക. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇത്തവണ വയനാട്ടില്‍ മല്‍സരിക്കുക. എന്‍ഡിഎ ഘടകക്ഷിയുടെ ദേശീയ പ്രസിഡന്റ് നടത്തിയ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം അവഗണിച്ച ബിജെപിയുടെ നിലപാട് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

കഴിഞ്ഞതവണ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നു വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. 78816 വോട്ടുകളാണ് വയനാട്ടില്‍ തുഷാറിന് ലഭിച്ചത്. ഈ വോട്ടുകള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോഴിക്കോട്ടുകാരി നുസ്രത്ത് ജഹാന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും.

എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചാരണവും തുടങ്ങിയ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനുള്ള തീരുമാനമെടുത്തത് നുസ്രത്ത് ജഹാനെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം രാഹുലിന്റെ സ്ഥാനാര്ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ സിപിഐ ദേശീയ നേതാവ് ആനിരാജയെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ തവണ 7,05,034 വോട്ടുകള്‍ നേടിയ രാഹുല്‍ ഗാന്ധി 4.31 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 2,73,971 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഘടകകക്ഷിയുടെ ദേശീയ പ്രസിഡന്റിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ വെട്ടിയ ബിജെപിയുടെ നടപടി ഇത്തവണത്തെ വോട്ടെണ്ണല്‍ വേളയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.