17
Mar 2024
Sat
17 Mar 2024 Sat
RIYAS MOULAVI MURDER

കാസര്‍കോഡ്: റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുന്ന് പ്രതികളെയും വെറുതെ വിട്ടതില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. ( Riyas moulavi murder verdict: comments)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യമായ ശാസ്ത്രീയ തെളിവുകളുള്ള ഒരു കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത് സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. വിധി തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഡിഎന്‍എ തെളിവുകളടക്കമുള്ള കേസായിരുന്നു. മരിച്ച ഉസ്താദിന്റെ രക്തമായിരുന്നു ഒന്നാം പ്രതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇത് ശാസ്ത്രീയമായി തെളിഞ്ഞതാണ്. കൊലപാതകത്തിനായി പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ത​ന്റെ മകനുപയോഗിക്കുന്നതാണെന്ന് മൂന്നാം പ്രതിയുടെ അമ്മതന്നെ വന്ന് പറഞ്ഞിട്ടുണ്ട്. ആ മോട്ടോർ സൈക്കിളിൽ രക്തമുണ്ടായിരുന്നു. ഡി.എൻ.എ പരിശോധിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് നിന്ന് വിളിച്ച് വരുത്തി വിസ്തരിച്ചിട്ടുണ്ട്. ഏറ്റവും നന്നായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് വിധി. കേസില്‍ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ ഷൈജിത്ത് പറഞ്ഞു.

വിധി വേദനാജനകമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. അന്വേഷണത്തില്‍ തൃപ്തിയുണ്ട്. പ്രോസിക്യൂഷന്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കിയിരുന്നു. ഒരൊറ്റ സാക്ഷി പോലും കൂറുമാറിയിട്ടില്ല.

വിധിക്ക് ശേഷം പൊട്ടിക്കരഞ്ഞ് ഭാര്യ സെയ്ദ. പ്രതികളെ വെറുതെവിടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന്അവര്‍ പ്രതികരിച്ചു. വിധിയില്‍ നിരാശയെന്ന് റിയാസ് മൗലവിയുടെ സഹോദരന്‍ പറഞ്ഞു. വിധിപ്പകര്‍പ്പ് വായിച്ചിട്ട് പ്രതികരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസ് പറഞ്ഞു.

അതേസമയം, മൂന്ന് പേരും നിരപരാധികളെന്ന് തെളിഞ്ഞതായി പ്രതിഭാഗം വക്കീല്‍ പ്രതികരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക