28
Apr 2024
Mon
28 Apr 2024 Mon
sdpi support to udf

കൊച്ചി: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ( Loksabha election 2024: SDPI support UDF in Kerala )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭരണഘടനാനുസൃതമായി രാജ്യം നിലനില്‍ക്കണോ എന്നു തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. മതനിരപേക്ഷതയും തുല്യതയും കളങ്കപ്പെടുത്തി മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനു വേണ്ടിയുള്ള നിയമനിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം കണക്കിലെടുത്ത് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെന്ന് അഷ്‌റഫ് മൗലവി പറഞ്ഞു.

അനിവാര്യമായ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ ബദലായി ഉയര്‍ന്നുവന്ന പാര്‍ട്ടി വ്യാപനവും വളര്‍ച്ചയും സ്വീകാര്യതയും നേടുന്നതോടൊപ്പം തന്നെ നാട്ടില്‍ ഉയര്‍ന്നുവരുന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരിയോട് സഹകരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുന്‍ഗണന നല്‍കുവാന്‍ തീരുമാനിച്ചത്. നിലവില്‍ പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. എന്നാല്‍, യുഡിഎഫ് ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

വ്യക്തികളുടെ നിലപാട് അല്ല, പാര്‍ട്ടിയുടെ നിലപാടാണ് എസ്ഡിപിഐ വിലയിരുത്തുന്നത്. കോണ്‍ഗ്രസില്‍ നിന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാവാം. എന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ബിജെപി വിരുദ്ധനിലപാടാണ് സ്വീകരിക്കുന്നതെന്ന് ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അഷ്‌റഫ് മൗലവി പറഞ്ഞു. മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്ക് പോകുന്നുണ്ട്. അതില്‍ ഏറ്റക്കുറിച്ചിലുകളുണ്ടെന്നേ ഉള്ളു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപി ബന്ധം ഒഴിവാക്കി വന്നത് കൊണ്ടാണ് അവരുമായി സഖ്യം ചേര്‍ന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയും നേട്ടവും പരിഗണിച്ചു കൂടിയാണ് അണ്ണാ ഡിഎംകെയെ തിരഞ്ഞെടുത്തത്.

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും സിഎഎ പിന്‍വലിക്കുമെന്നുമുള്ള നിലപാട് എസ്ഡിപിഐക്ക് സ്വീകാര്യമാണ്.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി പതിനെട്ട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിയെ സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ബദല്‍ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് പാര്‍ട്ടി സ്വീകരിക്കുന്ന ഓരോ രാഷ്ട്രീയ നിലപാടിന്റെ ആത്യന്തിക താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനഞ്ച് വര്‍ഷമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായ പാര്‍ട്ടിയാണ് എസ്ഡിപിഐ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ പാര്‍ട്ടി മല്‍സരിച്ചിട്ടുണ്ട്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നു. ആറ്റിങ്ങല്‍(11225), കൊല്ലം(12812), പത്തനംതിട്ട( 11353), ആലപ്പുഴ(109930), ഇടുക്കി(10401), എറണാകുളം(14825), ചാലക്കുടി(14386), പാലക്കാട്(12504), പൊന്നാനി(26640), മലപ്പുറം( 47853), കോഴിക്കോട്(10596), വയനാട്(14326), വടകര(15058), കണ്ണൂര്‍(19170) മണ്ഡലങ്ങളില്‍ പതിനായിരത്തിലേറെ വോട്ടുകളാണ് എസ്ഡിപിഐ നേടിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ 103 പ്രതിനിധികള്‍ എസ്ഡിപിഐക്കുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എസ്ഡിപിഐ നടത്തും. ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന തൃശൂരും തിരുവനന്തപുരത്തും നിലവില്‍ യുഎഡിഎഫിനാണ് സാധ്യതയെന്നും എസ്ഡിപിഐ വിലയിരുത്തുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച മുന്നേറ്റത്തിന് ശ്രമിക്കുന്നുവെന്നത് പ്രതീക്ഷാ നിര്‍ഭരമാണെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ പരസ്പരം മല്‍സരിക്കുമ്പോഴും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരും സംബന്ധിച്ചു.